ന്യൂഡല്‍ഹി: ശശി തരൂരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പുകഴ്ത്തിയിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ജോണ്‍ ബ്രിട്ടാസ്. റഷ്യയെ ഉപരോധിക്കരുതെന്ന് സിപിഎം മുന്‍പ് പറഞ്ഞപ്പോള്‍ തരൂര്‍ പരിഹസിച്ചതാണ്. ഇപ്പോള്‍ തരൂര്‍ നിലപാട് മാറ്റിയതാണ് താന്‍ തുറന്നുകാട്ടിയതെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് മോദി തുടര്‍ന്നത് ശരിയായ നിലപാടായിരുന്നു. പല തെറ്റുകള്‍ ചെയ്യുമ്പോഴും മോദി ഒരു ശരി ചെയ്തു. അമേരിക്കന്‍ വിധേയത്വത്തിന്റെ കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് റെയ്‌സിന ഡയലോഗില്‍ തരൂര്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതുപാര്‍ട്ടികള്‍ മുമ്പ് പറഞ്ഞിരുന്നു. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടത് പാര്‍ട്ടികളെയാണ്. പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാണെന്നുമാണ് ഇന്നലെ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. ഈ പ്രസ്താവനയിലാണ് ബ്രിട്ടാസ് വിശദീകരണവുമായി രംഗത്തുവന്നത്.

അതേസമയം തരൂര്‍ ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ചാണ് വിശദീകരിച്ചിരുന്നത്. ഇതിനെ കുറിച്ചു പറഞ്ഞതാണ് മോദി സ്തുതിയായി വ്യാഖ്യാനിക്കപ്പെട്ടത്. തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ:

2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. യുഎന്‍ ചാര്‍ട്ടര്‍ ലംഘനം, അതിര്‍ത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ന്‍ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമര്‍ശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാല്‍ നമ്മള്‍ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയില്‍ യുക്രെയ്ന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ.'