ന്യൂഡല്‍ഹി: തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായി അഡ്വ. ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. നിയമനത്തിന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തരസംഘര്‍ഷങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജോസ് വള്ളൂര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് താത്കാലിക ചുമതല നല്‍കിയിരുന്നു.

മൂന്നുമാസത്തെ താത്കാലിക ചുമതലയിലായിരുന്നു വി.കെ. ശ്രീകണ്ഠനെ ഡി.സി.സി. പ്രസിഡന്റാക്കിയത്. കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട ചേലക്കര ഉപതിരഞ്ഞെടുപ്പടക്കം താത്കാലിക പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നേരിട്ടത്.

ആരെയും ഒഴിവാക്കാനല്ല എല്ലാവരെയും കൂട്ടിച്ചേര്‍ക്കാന്‍ ആണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. പാര്‍ട്ടിയെ ജില്ലയില്‍ തിരിച്ചുകൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിന് പാര്‍ട്ടിയെ സജ്ജമാക്കും. ജില്ലയില്‍ സീനിയര്‍ -ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളിലേക്കെത്താന്‍ സംഘടനയുടെ മുഴുവന്‍ ഘടകങ്ങളെയും സജ്ജമാക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.