കൊച്ചി: മുനമ്പം പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുനമ്പത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കും. ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെയാണ് നിയോഗിച്ചത്. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.

വഖഫ് നോട്ടീസ് നല്‍കിയ 12 പേര്‍ക്കെതിരെ തുടര്‍നടപടി ഉണ്ടാകില്ല. ഇനി ആര്‍ക്കും നോട്ടീസ് നല്‍കില്ല. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ഇതിനുവേണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കും. മുനമ്പം സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവരാണ് യോഗതീരുമാനങ്ങള്‍ അറിയിച്ചത്. ഉന്നതതല യോഗത്തില്‍ എല്ലാവശവും പരിശോധിച്ചുവെന്നും കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. സ്ഥലത്ത് നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കില്ല. പെട്ടെന്ന് ഒരു തീരുമാനം എടുത്താല്‍ താമസക്കാര്‍ക്ക് തിരിച്ചടി ഉണ്ടാകും.അതുകൊണ്ട് ആണ് ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത്. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും.

സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും സമര പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുനമ്പത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയവരാണ്. അവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാനുള്ള തീരുമാനത്തില്‍ നിരാശയാണ്. ഇനിയൊരു ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും നേരത്തെ തന്നെ ഉടമസ്ഥാവകാശം പരിശോധിച്ചതാണെന്നും സമരമസമിതി ഭാരവാഹികള്‍ അറിയിച്ചു. പന്തം കൊളുത്തി പ്രകടനം നയിച്ച് സര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ച് സമിതി അംഗങ്ങള്‍ പ്രതിഷേധിച്ചു