തൃപ്പൂണിത്തുറ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍നിന്ന് ജയിച്ച തനിക്കെതിരെ എതിര്‍സ്ഥാനാര്‍ഥിയും സി.പി.എം നേതാവുമായ എം. സ്വരാജ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ. ബാബു. കേസ് പിന്‍വലിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ജനകീയ കോടതിയില്‍ പരാജയപ്പെട്ട ആളുകള്‍ ജയിച്ചവരെ കാരണങ്ങളൊന്നുമില്ലാതെ കോടതിയില്‍ പോയി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യപരമായി ഒട്ടും ശരിയല്ല. ഒരടിസ്ഥാനവുമില്ലാതെ കേസ് കൊടുക്കുക, അതിനുശേഷം സുപ്രീം കോടതി വരെ പോവുക. പിന്നെ എന്തിനാണ് പിന്‍വലിച്ചത്? ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നത് നല്ലതാണ്. ജയിച്ച ആളുകളെ അംഗീകരിക്കാനുള്ള മാന്യത എല്ലാ ഭാഗത്തും ഉണ്ടാവേണ്ടത് ആവശ്യമാണ്' -അദ്ദേഹം പറഞ്ഞു.

'അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു എന്നായിരുന്നു ആരോപണം. അത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞല്ലോ. ശബരിമല അയ്യപ്പനില്‍ എനിക്ക് വിശ്വാസമുണ്ട്. ഞാന്‍ പലപ്രാവശ്യം മലക്ക് പോയിട്ടുമുണ്ട്. പക്ഷെ അതിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടില്ല. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിച്ചു അത്രേ ഉള്ളൂ' -ബാബു പറഞ്ഞു.

ബിജെപിയുടെ വോട്ട് മറിച്ചു എന്ന ആരാപേണത്തിന് ഒരു അടിസ്ഥാനവുമി?ല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ ആദ്യം സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന സമയത്ത് 7,000 വോട്ടേ ബി.ജെ.പിക്ക് കിട്ടിയിട്ടുള്ളൂ. 2016 ല്‍ അവര്‍ നില മെച്ചപ്പെടുത്തി. അന്ന് ബി.ജെ.പിക്കാരല്ലാത്തവര്‍ അവര്‍ക്ക് വോട്ടുചെയ്തുകാണും. കഴിഞ്ഞ തവണ ഒരുപാട് ആളുകള്‍ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവരില്‍ ചിലര്‍ ഒരുപക്ഷെ 2016ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തവര്‍ ആയിരിക്കും. അവര്‍ ബിജെപിക്കാരൊന്നുമല്ല. ഈ ടൗണിലൊക്കെ താമസിക്കുന്ന എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളുകളാണ്.

ബിജെപി അന്ന് കുറച്ച് വോട്ട് കൂടുതല്‍ പിടിച്ചു എന്നു കരുതി അത് ബിജെപിയുടെ അടിസ്ഥാന വോട്ടാണെന്നൊന്നും പറയാന്‍ സാധിക്കില്ല. എനിക്ക് കാലങ്ങളായി ചെയ്തുകൊണ്ടിരുന്ന വോട്ടര്‍മാര് 2021ല്‍ എന്നെ സഹായിച്ചു. ബിജെപി എനിക്ക് വോട്ട് ചെയ്തിട്ടൊന്നുമില്ല' -അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തറയില്‍ മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും കെ. ബാബു പ്രതികരിച്ചു.

കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ച് ഹൈകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നായിരുന്നു സ്വരാജ് സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍, സുപ്രീംകോടതിയിലും തിരിച്ചടി വരുമെന്ന് ഭയന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ അപ്പീല്‍ അപ്രസക്തമായെന്ന് ചുണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ച ശേഷം വാദം കേള്‍ക്കും മുമ്പേ പിന്‍വലിച്ചത്. നിലമ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വരാജ് മത്സരിച്ചിരുന്നു. എന്നാല്‍, അവിടെയും വിജയിക്കാന്‍ സാധിച്ചില്ല.

തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ. ബാബു വോട്ട് പിടിച്ചു എന്നതായിരുന്നു എം. സ്വരാജിന്റെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു, കെ. ബാബു തോറ്റാല്‍ അത് അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നെല്ലാം അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നേരത്തെ ഈ ഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.