തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികളുടെ പരോള്‍ കേരളത്തില്‍ രാഷ്ട്രീയമായി എപ്പോഴും വിവാദമാകാറുണ്ട്. ഇവര്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ ഭരണപ്പാര്‍ട്ടിയുടെ താല്‍പ്പര്യം എപ്പോഴും പ്രകടമാണ് താനും. ഇതിനിടെ ഈ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം രംഗത്തുവന്നു. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നും രാഷ്ട്രീയ യജമാനന്മാരുടെ കല്‍പ്പനകളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ.കെ രമ എംഎല്‍എ കുുറ്റപ്പെടുത്തി.

രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ നല്‍കുന്നതിനെതിരെ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രമ കടുത്ത വിമര്‍ശനമുന്നയിച്ചത്. ക്രിമിനലുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരോള്‍ നല്‍കുന്നതാണോ ഇവിടുത്തെ നിയമമെന്ന് അവര്‍ ചോദിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കുകയാണെന്ന് കെ.കെ രമ ആരോപിച്ചു.

'കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭീകരമായ കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇളവുകള്‍ നല്‍കുന്നത് ആരുടെ താല്പര്യപ്രകാരമാണ്? നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം, എന്നാല്‍ കേരളത്തില്‍ അത് രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടപ്പിലാക്കുന്നത്,' രമ പറഞ്ഞു.

അനധികൃത പരോള്‍ സംബന്ധിച്ച ഗൗരവകരമായ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് കെ.കെ രമ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തോളം പരോള്‍ ലഭിച്ച സംഭവത്തില്‍ ജയില്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത് ഇതിന് തെളിവാണ്. ഇത്തരം നിയമലംഘനങ്ങള്‍ സഭയില്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമല്ലെന്ന് പറഞ്ഞ് തള്ളുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളില്‍ പലര്‍ക്കും ആയിരത്തിലധികം ദിവസം പരോള്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. തടവുകാര്‍ക്കുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കെ.കെ രമയുടെ മുമ്പില്‍ മറുപടി പറയാന്‍ കഴിയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

ജയിലില്‍ കിടക്കുന്ന കൊടും ക്രിമിനലുകള്‍ക്ക് എല്ലാ നിയമങ്ങളും ലംഘിച്ച് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി സര്‍ക്കാരിനും സി.പി.എമ്മിനും താല്‍പര്യമില്ലാത്തതും സി.പി.എം പ്രതിരോധത്തിലാകുന്നതുമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിന് സ്പീക്കര്‍ കുടപിടിക്കുകയാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച വിഷയവും ചര്‍ച്ച ചെയ്തില്ലെന്നും തീഥന്‍ കുറപ്പെടുത്തി.

പോലീസിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് പരോള്‍ നല്‍കുകയാണ്. ആദ്യത്തെ പ്രതിക്ക് ആറു ദിവസം പരോള്‍ നല്‍കി. പിന്നീടത് നീട്ടിക്കൊടുത്തു. മൂന്നാമതായി സര്‍ക്കാരും പരോള്‍ നീട്ടി നല്‍കി. ജയിലില്‍ പോയി ഒരു മാസത്തിനിടെ മൂന്നു തവണ പരോള്‍ നീട്ടിക്കൊടുക്കുന്ന സാഹചര്യമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളില്‍ ആയിരത്തില്‍ അധികം ദിവസം പരോള്‍ കിട്ടിയ പ്രതികളുണ്ട്. മൂന്ന് വര്‍ഷത്തിലധികം അവര്‍ ജയിലിന് പുറത്തായിരുന്നു. തടവുകാരില്‍ നിന്നും പണം വാങ്ങി പരോള്‍ നല്‍കുന്ന ഒരു ഡി.ഐ.ജിയാണ് പിണറായി വിജയന്റെ പോലീസിന് കീഴിലുണ്ടായിരുന്നത്.

ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നത്. കൊടുംക്രൂരകൃത്യം ചെയ്ത കൊടും ക്രിമിനലുകള്‍ക്കാണ് പരോള്‍ നല്‍കുന്നത്. ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ ചെയ്താല്‍ മാത്രമെ പരോള്‍ അനുവദിക്കാവൂ. ആയിരത്തില്‍ അധികം ദിവസം എങ്ങനെയാണ് ടി.പി കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത്? ആയിരത്തില്‍ അധികം ദിവസവും ഇവരുടെ ബന്ധുക്കള്‍ മരിക്കുകയോ ആശുപത്രിയില്‍ കിടക്കുകയോ ചെയ്തോ? സി.പി.എമ്മിന് വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് നിയമം കാറ്റില്‍പ്പറത്തി പരോള്‍ അനുവദിക്കുകയാണ്.

കെ.കെ രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ നിന്നും ഒളിച്ചോടിയത്. പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. കഴിഞ്ഞ ഡിസംബറിലാണ് പരോള്‍ നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. ജനുവരി 30 നാണ് രണ്ടാമത്തെ പ്രതിക്ക് പരോള്‍ നല്‍കിയത്. പാര്‍ലമെന്ററികാര്യ മന്ത്രി നോട്ടീസ് പോലും നോക്കാതെയാണ് നിയമസഭയില്‍ ഗീര്‍വാണ പ്രസംഗം നടത്തിയത്. -സതീശന്‍ ചൂണ്ടിക്കാട്ടി.