- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്; ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഫലസ്തീൻ ജനതയോടാണ്; ഹമാസ് യുദ്ധത്തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല: നിലപാട് വീണ്ടും വ്യക്തമാക്കി കെ കെ ശൈലജ ടീച്ചർ
തിരുവനന്തപുരം: ഹമാസിനെ തീവ്രവാദികൾ എന്ന് വിളിച്ച കെ കെ ശൈലജ ടീച്ചറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പതിവുപോലെ സമ്മിശ്രപ്രതികരണവും, ട്രോളുകളും. ഹമാസിന്റേതു പ്രത്യാക്രമണമാണെന്ന പാർട്ടി നിലപാടിൽ നിന്നു വ്യത്യസ്തമായാണു കെ.കെ.ശൈലജ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും അതോടൊപ്പം, 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും ശൈലജ കുറിച്ചിരുന്നു. പോസ്റ്റ് വിവാദമായതിനെ പി്ന്നാലെ ശൈലജ ടീച്ചർ രണ്ടാം വട്ടവും വിശദീകരണവുമായി രംഗത്തെത്തി.
ഫേസ്ബുക് പോസ്റ്റ് മുഴുവൻ വായിക്കാതെ ആണ് തനിക്കെതിരെ പ്രചാരണം നടത്തിയത്. യുദ്ധത്തടവുകാരോടു കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണു പറഞ്ഞത്. ഭീകരവാദം നടത്തുന്നത് ഫലസ്തീനായാലും ഇസ്രയേലായാലും അംഗീകരിക്കില്ല. ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ഹമാസ് യുദ്ധത്തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാൽ, ഇസ്രയേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണം.
''പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്നുവെന്നായിരുന്നു അന്നു വന്ന വാർത്ത. സ്വാഭാവികമായും നമുക്ക് അത്തരത്തിലുള്ള കാര്യം വരുമ്പോൾ, മനസ്സിൽ അൽപമെങ്കിലും മനുഷ്യത്വമുള്ള എല്ലാവരും പ്രതികരിക്കുമല്ലോ. അങ്ങനെയുള്ള ഭീകരത അംഗീകരിക്കാൻ പറ്റില്ല. ആ പോസ്റ്റ് മുഴുവൻ വായിക്കുന്ന ആർക്കും അറിയാം, അതിന്റെ താഴെ ഞാൻ പറഞ്ഞത് ഇതേ ഭീകരതയാണു ദശകങ്ങളായി ഫലസ്തീൻ ജനതയോട് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഫലസ്തീൻ ജനതയോടാണ്. അവർക്ക് അവരുടെ രാജ്യം വേണം. അവർക്കു ജീവിക്കാൻ ഒരു പ്രദേശം വേണം. അതിനെ ഇല്ലാതാക്കാൻ ഇസ്രയേലിന്റെ ഈ രീതിയിലുള്ള ഭീകരതയ്ക്ക് ഒരിക്കലും അനുവാദം കൊടുക്കാൻ പറ്റില്ല, ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാണ് അതിൽ എഴുതിയിരുന്നത്. ഇതിനെയാണ് തെറ്റിദ്ധരിപ്പിച്ചത്'' ശൈലജ പറഞ്ഞു.
കെ കെ ശൈലജയുടെ ആദ്യ വിശദീകരണ കുറിപ്പ് ഇങ്ങനെ
ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തിക
ളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.
ശൈലജ ടീച്ചറുടെ ആദ്യ പോസ്റ്റ് ചുവടെ
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
മറുനാടന് മലയാളി ബ്യൂറോ