കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുതിര്‍ന്ന സിപിഎം നേതാക്കള്‍ പോലും പത്രക്കാര്‍ക്ക് മുന്നില്‍ വന്ന് ഇസ്ലാമോഫോബിയ പരത്തുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ.കെ ബാലന്‍ പറഞ്ഞ മാറാട് സ്റ്റേറ്റ്‌മെന്റെന്നും ഷാജി പറഞ്ഞു.

മാറാട് എന്ന പ്രദേശത്തെ പുതുതലമുറ വരെ ആ ദുരന്തത്തെ മറന്ന് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന കാലത്താണ് ഈ സ്റ്റേറ്റ്‌മെന്റ് പുറത്ത് വരുന്നത്. മാറാട് എന്ന് കേട്ടാല്‍ മുസ്ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നുമുള്ള അബദ്ധധാരണയിലാണ് എ.കെ. ബാലനും പാര്‍ട്ടിയും. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ല ഉണ്ടായി വരുന്നത്. 'നിങ്ങള്‍ ഇത് മറന്നു പോയോ' എന്ന് മറ്റാരെയോ വിളിച്ചുണര്‍ത്തി ചോദിക്കുകയാണ്. സി.പി.എം നേതാക്കള്‍ വായുവില്‍ എറിയുന്ന വിഷവിത്തുകള്‍ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങള്‍ അല്ല, ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ടെന്നും ഷാജി പറയുന്നു.

കെ.എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന സി പി എം പിച്ചുംപേയും പറയുന്നത് കേരളത്തിന്റെ സെക്കുലര്‍ ഫാബ്രിക്കിനെ വലിച്ചു കീറിക്കൊണ്ടാണ്. മതേതര കേരളം ഇത് ഗൗരവമായി കണ്ടില്ലെങ്കില്‍ നാടിന്റെ അമൂല്യ സമ്പത്തായ സൗഹൃദങ്ങളാണ് നശിച്ചു പോവുക. ഭരണകക്ഷിയായ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പത്തു കൊല്ലം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്ത എത്രയെത്ര കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഉണ്ടാവും.

അങ്ങനെ ഒന്നും പറയാനില്ലാത്തതിനാല്‍ അവര്‍ വര്‍ഗീയത പറയുകയും പറയിപ്പിക്കുകയും ചെയ്യുകയാണ്. മുതിര്‍ന്ന സി പി എം നേതാക്കള്‍ പോലും പത്രക്കാര്‍ക്ക് മുന്നില്‍ വന്ന് ഇസ്ലാമോഫോബിയ പരത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ കെ ബാലന്‍ പറഞ്ഞ മാറാട് സ്റ്റേറ്റ്‌മെന്റ്.

സാംസ്‌കാരിക കേരളം ഒന്നിച്ചു നിന്ന് പ്രതിരോധിച്ച സംഭവങ്ങളില്‍ ഒന്നാണത്. കേരളം മറക്കാന്‍ ശ്രമിക്കുന്നതും മറക്കേണ്ടതുമായ ദൗര്‍ഭാഗ്യകരമായ ദുരന്തം. ഈ സംഭവം ജനങ്ങളുടെ ഓര്‍മയിലേക്ക് കൊണ്ടു വന്ന് ചര്‍ച്ചക്ക് വെക്കാനുള്ള എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.? അന്ന് ജനിച്ചിട്ടില്ലാത്ത ല്ലാത്ത കുട്ടികള്‍ പോലും ഇന്ന് വോട്ടര്‍മാരാണ്.

അവര്‍ കേരളത്തിന്റെ ഭാവിയില്‍ ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. രാജ്യപുരോഗതിയില്‍ പങ്കാളിത്തം വഹിക്കേണ്ടവരാണ്. ഒരു ദുരന്തമുഹൂര്‍ത്തം ഓര്‍മ്മിപ്പിച്ച് അവരെ നെഗറ്റീവ് ആക്കുന്നതാണോ ഡെവലപ്പ്‌മെന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് അവരെ കര്‍മ്മ രംഗത്ത് സജീവമാക്കുന്നതാണോ ഗുണപരമായ രാഷ്ട്രീയം.

മാറാട് എന്ന പ്രദേശത്തെ പുതുതലമുറ വരെ ആ ദുരന്തത്തെ മറന്ന് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന കാലത്താണ് ഈ സ്റ്റേറ്റ്‌മെന്റ് പുറത്ത് വരുന്നത്. മാറാട് എന്ന് പറഞ്ഞു കേട്ടാല്‍ മുസ്ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നുമുള്ള അബദ്ധധാരണയിലാണ് എ കെ ബാലനും പാര്‍ട്ടിയും. പക്ഷെ,കാര്യങ്ങള്‍ അങ്ങനെയല്ല ഉണ്ടായി വരുന്നത്.

സി പി എം ഇത്രയൊക്കെ വര്‍ഗീയത പറഞ്ഞിട്ടും അതിനെ ജനം സ്വീകരിച്ചില്ലെന്നതാണ് വസ്തുത. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്ന് അതെല്ലാം വ്യക്തമാണ്. സി പി എമ്മിന് വോട്ട് തേടി വീട് കയറിയ സാധാരണ പ്രവര്‍ത്തകര്‍ക്ക് 'കടക്ക് പുറത്ത് ' എന്ന് കേള്‍ക്കാനായിട്ടുണ്ട്. എ കെ ബാലനും സംഘവും അത് കേള്‍ക്കാത്തത് അവര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാത്തത് കൊണ്ടാണ്.

പിണറായി വിജയന്‍ എന്ന ബിംബത്തിന് ചുറ്റും വലംവെച്ച് തലചുറ്റിപ്പോയ നേതാക്കള്‍ പറയുന്ന വിടുവായത്തം നമ്മള്‍ ഏറെ കേട്ടതാണ്. അത്ര നിസ്സാരമല്ല പുതിയ വര്‍ത്തമാനങ്ങള്‍. വളരെ ആസൂത്രിതമായി, പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് തന്നെയാണ് വര്‍ഗീയത പറയുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇത് ലക്ഷ്യം വെക്കുന്നത് ലീഗിനെ ആണെന്നത് തോന്നിപ്പിക്കല്‍ മാത്രമാണ്. 'നിങ്ങള്‍ ഇത് മറന്നു പോയോ' എന്ന് മറ്റാരെയോ വിളിച്ചുണര്‍ത്തി ചോദിക്കുകയാണ്. സി പി എം നേതാക്കള്‍ വായുവില്‍ എറിയുന്ന വിഷവിത്തുകള്‍ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങള്‍ അല്ല. ബി ജെ പി കേന്ദ്രങ്ങള്‍ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ട്.

തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും മുളപൊട്ടിയത് ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലമല്ല. അത്രയേറെ ദുര്‍ബലമായ ബി ജെ പി നേതൃത്വത്തെ സി പി എം നന്നായി സഹായിച്ചിട്ടുണ്ട്. അവര്‍ വര്‍ഗീയമായി ഉഴുതു മറിച്ച മണ്ണില്‍ ചെറിയ പണി മാത്രമേ ബിജെപിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ. ആ അപകടം ഈ രീതിയില്‍ ഒതുക്കിയതിന് കേരളത്തിന്റെ മതേതര മനസ്സിന് നന്ദി പറയാതിരിക്കാന്‍ ആവില്ല.

ഭരണം കൊണ്ട് കേരളം പൊറുതി മുട്ടിയതിന്റെ പ്രതികരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പ്രധാനമായത്. അതിനുള്ള പരിഹാരം വര്‍ഗീയത പറയലാണെന്ന കേവല ധാരണയല്ല എ കെ ബാലനെപ്പോലുള്ളവര്‍ നടത്തുന്ന, വിഷം വമിക്കുന്ന പ്രസ്താവനകള്‍ക്ക് പിറകില്‍ എന്നത് വ്യക്തമാണ്. അതൊന്നും 'നിഷ്‌കളങ്കമായ വിവരക്കേടില്‍' ഉള്‍പ്പെടുത്തി തള്ളിക്കളയേണ്ടതല്ല. വള്ളിപുള്ളി വിടാതെ അവയെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മറുപടികളില്‍ നിന്ന് തന്നെ അത് ബോധ്യമാവും.

വിലപറഞ്ഞ് ഉറപ്പിച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെ ഡീല്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എം. തോറ്റു പോകുമ്പോള്‍ കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവര്‍ പയറ്റുന്നത്. പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ കേരളത്തെ കത്തിക്കാനാണ് സി പി എം ശ്രമം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ മതേതര കേരളം ജാഗ്രതയിലാവേണ്ട കാലമാണ്.