- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകഞ്ഞ കൊള്ളി പുറത്ത്, പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത രാഹുലിനെ നിയോഗിച്ചത് മതില്‍ ചാടാനല്ല; പിന്തുണയ്ക്കുന്നവര്‍ക്കും പുറത്തുപോകാം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
പുകഞ്ഞ കൊള്ളി പുറത്ത്, പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത രാഹുലിനെ നിയോഗിച്ചത് മതില്‍ ചാടാനല്ല
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറായേക്കുമെന്ന സൂചനക്കിടെയാണ് മുരളീധരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നത്. രാഹുല്‍ വിഷയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും ശക്തമായ വിമര്‍ശനമാണ് മുരളീധരന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിജീവിത പാര്‍ട്ടി അധ്യക്ഷന് ഔദ്യോഗികമായി തന്നെ പരാതി സമര്‍പ്പിക്കുകയും ആ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്. രാഹുല്‍ ഒരു പാര്‍ട്ടിക്കാരനായിരുന്നെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടി തലത്തിലാണ് അന്വേഷിക്കുക. പക്ഷേ അദ്ദേഹം പാര്‍ട്ടിയില്‍ സസ്പെന്‍ഷന്‍ നേരിടുന്നതിനാലാണ് കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറിയത്. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി എത്രയും തീരുമാനം വേഗം കൈക്കൊള്ളുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
സസ്പെന്‍ഷന്‍ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അനുവര്‍ത്തിച്ചു വരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തില്‍ ശക്തമായിട്ടുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. രാഹുലിന് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. ഇപ്പോള്‍ ഏതാണ്ട് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയം ആയിട്ടുണ്ട്.
പാര്‍ട്ടി രാഹുലിനെ സസ്പെന്‍ഡ് ചെയ്ത സമയത്ത് രേഖാമൂലമുള്ള പരാതിയും രാഹുലിനെതിരേ സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ മുന്നില്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്നിലുണ്ട്. ഇനി എംഎല്‍എ സ്ഥാനത്ത് തുടരണോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ മുരളീധരന്‍, അല്ലെങ്കില്‍ നടപടി എടുക്കേണ്ടത് സ്പീക്കറാണെന്നും ചൂണ്ടിക്കാട്ടി. പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക് അതില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത വ്യക്തി പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് അല്ലാതെ മതില്‍ ചാടാനല്ല. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ ഒരു ജന പ്രതിനിധി, ഇവര്‍ക്കൊന്നും ഇമ്മാതിരി പ്രവൃത്തി ചെയ്യാന്‍ കഴിയില്ല. കാരണം ഒരുപാട് ഔദ്യോഗിക ജോലികളും പാര്‍ട്ടി ജോലികളും ഒക്കെയുള്ള ആള്‍ക്കാര്‍ ഈ പറയുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കില്‍ അവര്‍ പൊതുരംഗത്ത് എന്ന് മാത്രമല്ല ഒരു രംഗത്തും നില്‍ക്കാന്‍ യോഗ്യനല്ല. പുകഞ്ഞ കൊള്ളി പുറത്ത്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പുറത്തു പോകാമെന്നും മുരളീധരന്‍ കടുത്ത ഭാഷയില്‍ പറഞ്ഞു.




