- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു; മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ട്; ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം; ഇങ്ങനെ തുടരുന്നത് ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ട്; വിമര്‍ശിച്ചു കെ മുരളീധരന്‍
തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു
കൊച്ചി: ശശി തരൂരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശശി തരൂരിന് ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്ന് മുരളീധരന്‍ പ്രതികരിച്ചു. ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണമെന്നും ഇഷ്ടമുളള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. നിലവിലെ മുന്നോട്ടുപോക്ക് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടാണെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
'ശശി തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ട്. തരൂരിന് മുന്നില്‍ രണ്ട് വഴികളാണ് ഉളളത്. അദ്ദേഹത്തിന് ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണം. അല്ലെങ്കില്‍ പാര്‍ട്ടിക്ക് വിധേയനാകണം. പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുളളിലാണ്. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കണമെന്നില്ല.'-കെ മുരളീധരന്‍ പറഞ്ഞു. നിലവിലെ രീതികളുമായി മുന്നോട്ടുപോയാല്‍ ശശി തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകുമെന്നും തരൂര്‍ വിഷയം ഇനി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ നാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചുവരുന്നത്. അടുത്തിടെ 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ പ്രശംസിച്ചിരുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലവും ശശി തരൂര്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയ്ക്കെതിരായ തരൂരിന്റെ കുറിപ്പാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. അടിയന്തരാവസ്ഥയുടെ നീണ്ട 21 മാസങ്ങള്‍ രാജ്യത്ത് എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഇന്ന് കൂടുതല്‍ ജനാധിപത്യമൂല്യങ്ങളുള്ള ഇന്ത്യയെയാണ് കാണാന്‍ കഴിയുകയെന്നും തരൂര്‍ പറഞ്ഞു. ഇതോടെ തരൂര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.