- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണാകരന്റെ ശാപമേല്‍ക്കാത്തയാളാണ് വി ഡി സതീശനെന്ന് പറഞ്ഞ് കെ മുരളീധരന് 'കുത്തിയത്' രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനുമെതിരെ; 'ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന്‍ തന്നെ പറയട്ടെ' എന്ന് കെ സിയും; കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളിക്ക് വഴിയൊരുങ്ങുന്നോ?
കരുണാകരന്റെ ശാപമേല്‍ക്കാത്തയാളാണ് വി ഡി സതീശനെന്ന് പറഞ്ഞ് കെ മുരളീധരന് 'കുത്തിയത്' രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനുമെതിരെ;
തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ ശാപം ഓര്‍മ്മിപ്പിച്ചു കൊണ്ട് വി ഡി സതീശനെ പുകഴ്ത്തിയ കെ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും ഗ്രൂപ്പുകളിക്ക വഴിയൊരുക്കുന്നു. കുറച്ചുകാലമായി അത്രയ്ക്ക് സജീവല്ലാതിരുന്ന ഗ്രൂപ്പുകളി പുനസംഘടനയുടെ വക്കിലാണ് വീണ്ടും സജീവമാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒപ്പംനിര്‍ത്തി കെ. മുരളീധരന്‍ തൊടുത്തുവിട്ട വിവാദം പുതിയ തലത്തിലേക്ക് വളരുമോ എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രി മോഹികളാ നാലോളം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഇവര്‍ തമ്മിലുള്ള പോരു മുറുകുമെന്ന സൂചനയാണ് കെ മുരളീധരന്റെ വാക്കുകള്‍.
ലീഡര്‍ കെ. കരുണാകരന്റെ ശാപമേല്‍ക്കാത്തയാളാണ് വി.ഡി. സതീശനെന്നും തന്നെയും സതീശനെയും പിന്‍ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ബെഞ്ചിലായി എന്നുമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ മുരളീധരന്‍ തുറന്നടിച്ചത്. കരുണാകരന്റെ ശാപമേല്‍ക്കാത്ത നേതാവ് എന്നതിലൂടെ സതീശന് രാഷ്ട്രീയ വിശുദ്ധി പ്രഖ്യാപിച്ച മുരളീധരന്‍, മറുഭാഗത്ത് നിലവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നേതാക്കളുടെ ഒരുനിരയെ തന്നെയാണ് ആരോപണമുനയിലേക്ക് ചേര്‍ത്തുനിര്‍ത്തിയത്. ലീഡറെ ഒറ്റപ്പെടുത്തിയ ഐ ഗ്രൂപ്പിലെ തിരുത്തല്‍വാദ വിഭാഗത്തെയും ഒപ്പം 2011ല്‍ തനിക്കും സതീശനും മന്ത്രിസഭയിലേക്ക് വഴിയടച്ചവരെയുമാണ് മുരളീധരന്‍ ലക്ഷ്യമിട്ടത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെയാിരുന്നു മുരളീധരന്റെ ഒളിയമ്പ്. എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണവേദിയിലാണ് ഇരുവര്‍ക്കുമെതിരെ മുരളീധരന്‍ ആഞ്ഞടിച്ചത്. എം എ ജോണ്‍ പുരസ്‌കാരം പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു സമര്‍പ്പിച്ചത്. പുരസ്‌കാര സമര്‍പ്പണത്തിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ വിഡി സതീശനെ പുകഴ്ത്തുന്നതിന്റെ മറപിടിച്ച് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഗുരുത്വദോഷികളാണെന്ന തരത്തില്‍ ദയാര്‍ത്ഥ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു കെ മുരളീധരന്‍.
''കഴിവുള്ളവരെ എത്ര മാറ്റി നിര്‍ത്തിയാലും അവര്‍ സ്വയം മുന്നോട്ടു വരുമെന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വിഡി സതീശനെ തേടിയെത്തിയത്. പിന്നെ അദ്ദേഹത്തിന് ഒരു ഗുണമുള്ളത് ഏതായാലും ലീഡര്‍ ശ്രീ കെ കരുണാകരന്റെ ശാപം ഏറ്റു വാങ്ങാത്ത ഒരാളാണ് അദ്ദേഹം അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല എന്ന് ഞാന്‍ പറയാന്‍ കാരണം'', കെ മുരളീധരന്‍ പറഞ്ഞു.
''താന്‍ മികച്ച എംഎല്‍എക്കുള്ള അവാര്‍ഡ് കോഴിക്കോട്ട് നിന്നും കൊല്ലത്തു നിന്നും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നാമതാണ് കേ മുരളീധരന്റെ കയ്യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നതെന്നും സതീശന്‍ ഇതിന് മറുപടിയായി പറഞ്ഞു. താന്‍ കെ മുരളീധരന് ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനമാണ് നല്‍കിയിരിക്കുന്നത് എന്നും വിഡി സതീശന്‍ തിരികെ പുകഴ്ത്തി.
കേരളത്തില്‍ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനായി രമേശ് ചെന്നിത്തല യും കെ സി വേണുഗോപാലും നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങള്‍ക്ക് മുന്‍കൂറായി തടയിടുക എന്നതായിരുന്നു കെ മുരളീധരന്റെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോള്‍ സതീശനും സുധാകരനും തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്തില്‍ മുരളീധരന്‍ പലപ്പോഴും സുധാകരന്റെ പക്ഷം ചേര്‍ന്നിരുന്നു. ഇപ്പോള്‍ സുധാകരന്‍ കളത്തിനു പുറത്തായ സാഹചര്യത്തില്‍ പഴയ ശത്രുവായ രമേശ് ചെന്നിത്തലയ്ക്കെതിരായി വി ഡി സതീശനെ ഉപയോഗിക്കുക എന്നതാണ് കെ മുരളീധരന്റെ തന്ത്രം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം കെ കരുണാകരന്റെ ശാപമെന്ന കെ മുരളീധരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് കെ സി വേണുഗോപാലും രംഗത്തുവന്നു. ആരെയാണ് ഉദ്ദേശിച്ച് എന്ന് കെ മുരളീധരന്‍ തന്നെ പറയട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ശാപം സ്വയമേറ്റതാണോ, വേറെ ആരെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് പ്രതികരിച്ച കെ സി വേണുഗോപാല്‍ അക്കാര്യത്തെപ്പറ്റി അത്രയേ പ്രതികരിക്കാനുള്ളും എന്നും വ്യക്തമാക്കി.
രമേശ് ചെന്നിത്തല വിഷയത്തില്‍ പതികരിച്ചിട്ടില്ല. കുടുതല്‍ പ്രതികരണങ്ങള്‍ക്ക് നിന്നാല്‍ രോപണങ്ങള്‍ സ്വയം വരിക്കുന്നതിനും ഏറ്റെടുക്കുന്നതിനും തുല്യമാകുമെന്നാണ് വിഷയത്തില്‍ നിന്നും നേതാക്കള്‍ പിന്നോട്ടു പോകുന്നത്. കരുണാകരന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കരുണാകര വികാരമുള്ളവര്‍ ഇപ്പോഴുമുണ്ട്. ഫലത്തില്‍ പരാമര്‍ശം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി മിണ്ടാനാകാത്ത നിസ്സഹായതയുണ്ട്.
കരുണാകരന്‍ കരുത്തനും മുഖ്യമന്ത്രിയുമായിരുന്ന 1991ലാണ് ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ ലീഡര്‍ക്കെതിരെ അദ്ദേഹത്തിന്റെ വിശ്വസ്തരായ അന്നത്തെ യുവനേതാക്കള്‍ ചേര്‍ന്ന് തിരുത്തല്‍വാദ ഗ്രൂപ്പിന് രൂപംനല്‍കുന്നത്. 1992 ജൂലൈ മൂന്നിന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കരുണാകരനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ ഘട്ടത്തില്‍ വിശ്വസ്തരെ പരിഗണിക്കാതെ സി.വി. പത്മരാജനാണ് മുഖ്യമന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.
ഇതിലുള്ള അതൃപ്തിയും തിരുത്തല്‍വാദ ഗ്രൂപ്പിന് വളമേകി. കരുണാകരന്‍ ചികിത്സ കഴിഞ്ഞെത്തിയിട്ടും ഇവര്‍ക്ക് പഴയ പരിഗണന നല്‍കിയതുമില്ല. സ്വന്തം തട്ടകത്തില്‍നിന്നുള്ള അപ്രതീക്ഷിത ഗ്രൂപ് നീക്കം കരുണാകരനെ വ്യക്തിപരമായും രാഷ്ടീയമായും ഏറെ പ്രയാസപ്പെടുത്തുകയും ചെയ്തു. ഒരുവേള കരുണാകരനെ താഴെയിറക്കാന്‍ എ ഗ്രൂപ്പുമായി രഹസ്യ സഹകരണത്തില്‍ വരെ തിരുത്തല്‍വാദ ഗ്രൂപ് എത്തിച്ചേര്‍ന്നുവെന്നതും ചരിത്രം.