തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായില്ല. കെ മുരളീധരന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചതെന്ന് കത്ത് പുറത്തുവന്നതോടെ വിവാദം വീണ്ടും ആളിക്കത്തി. ഇതിനെ ശരിവെക്കുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയും നടത്തി. ഇതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തുവന്നു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ചവരാണ് പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍. അവരെല്ലാം ഇപ്പോള്‍ കെ മുരളീധരനെക്കാളും മേലേയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കെ. സുധാകരന്‍ പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് അജണ്ടയെന്ന് ആരോപിച്ച കെ.മുരളീധരന്‍ പൂരം കലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പൂരം വീണ്ടും ചര്‍ച്ചയാക്കിയത് സി.പി.എം - ബി.ജെ.പി ഡീലിന്റെ ഭാഗമാണ്. ലോക്‌സഭക്ക് പിന്നാലെ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാനുള്ള അവസരം മുഖ്യമന്ത്രി ഉണ്ടാക്കുകയാണ്. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് താനാണ്. താന്‍ 36,000 വോട്ടുപിടിച്ചത് കൊണ്ടാണ് ബി.ജെ.പി വിജയിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ചെറുപ്പക്കാര്‍ക്കായി മാറിക്കൊടുക്കുന്നു. 2026 ല്‍ നിയമസഭയില്‍ മത്സരിക്കില്ല. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി എന്നെ തീര്‍ച്ചയായും മത്സരിപ്പിക്കും. എല്ലാവരും പറയുന്നത് കേട്ട് എടുത്തുചാടാനില്ല. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം. നോമിനി രാഷ്ട്രീയം ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. പാലക്കാട് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. കെ.പി.സി.സി നേതൃത്വത്തില്‍ നിന്ന് ആരും പാലക്കാട് മത്സരിക്കാന്‍ ആവശ്യപ്പെട്ടില്ല.' മുരളീധരന്റെ വാക്കുകള്‍.

പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും സഭയില്‍ പറഞ്ഞതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.