തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂഡില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെ മുരളീധരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികള്‍ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരന്‍ ഇത് സ്‌നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും കൂട്ടിച്ചേര്‍ത്തിച്ചു.

ഇത്തവണ മത്സരിക്കാന്‍ മൂടില്ലെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് കെ മുരളീധരന്റെ നിലപാട്. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമല്ലോയെന്നും കെ മുരളീധരന്‍ പറഞ്ഞു.

ആകെ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരില്‍ പോസ്റ്ററുകള്‍ ഉണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പയ്യന്നൂരും കല്യാശേരിയും മാത്രമില്ല. മറ്റെല്ലായിടത്തും ഇത്തരം പോസ്റ്ററുകള്‍ ഉണ്ട്. അത് സ്നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂട. ഏതായാലും താന്‍ ഇതൊന്നും അറിയുന്നില്ലെന്നും തനിക്ക് ഇതിലൊന്നും പങ്കുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോണ്‍ഗ്രസ് കൂട്ടായ്മ'യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.