സുല്‍ത്താന്‍ ബത്തേരി: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയെ മാറ്റി. നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റി യുവമുഖമായ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയത് വോട്ടെടുപ്പിലൂടെയാണ്. മൂന്ന് ടേം എന്ന നിബന്ധന തുടരാനാണ് പലയിടത്തും നീക്കം നടന്നതെങ്കിലും അതെല്ലാം അട്ടിമറിയുന്ന കാഴ്ച്ചയാണ് വയനാട്ടില്‍ കണ്ടത്.

27 അംഗകമ്മറ്റിയില്‍ 16 പേര്‍ റഫീഖിനെയും 11 പേര്‍ ഗഗാറിനെയും പിന്തുണക്കുകയായിരുന്നു. ഗഗാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയരുകയായിരുന്നു. കെ. റഫീഖിന്റെ പേര് നിര്‍ദേശിച്ചതോടെ മത്സരമുണ്ടായതായാണ് വിവരം. ഇതോടെ, വോട്ടെടുപ്പിലൂടെയാണ് റഫീഖിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ജില്ല സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീഖ് പ്രായം കുറഞ്ഞ സി.പി.എം ജില്ല സെക്രട്ടറികൂടിയായി.

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. നിലവില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സമ്മേളനകാലയളവിലേക്ക് വന്നപ്പോള്‍ ആ സാധ്യത അടയുകയും ഗഗാറിന്‍ തന്നെ തുടര്‍ന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വന്‍ മാറ്റമാണ് സിപിഎം നേതൃനിരയില്‍ സംഭവിച്ചത്.

അതേസമയം സെക്രട്ടറിയെ തിരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. ഇ പി ജയരാജന്‍ അടക്കമുള്ളവരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. യുവനേതാക്കള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം നല്‍കുന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് റഫീഖ് സെക്രട്ടറിയായതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പറഞ്ഞു. ഗഗാറിന്‍ മറ്റ് ചുമതലകള്‍ ഉള്ളതിനാല്‍ പിന്മാറുകയായിരുന്നു. മത്സരമുണ്ടായിട്ടില്ലെന്നും ഏകകണ്ഠമായാണ് റഫീഖിനെ സെക്രട്ടറിയാക്കിയതെന്നും ശ്രീമതി പറഞ്ഞു.

എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് നേതാക്കള്‍ തയ്യാറായില്ല. മറ്റിടങ്ങളിലും സമാനമായ വിധത്തില്‍ സെക്രട്ടറിമാറെ അട്ടിമറിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. പാര്‍ട്ടിക്കുളില്‍ യുവചേരിയെ നയിക്കുന്നത് മുഹമ്മദ് റിയാസാണ്. അദ്ദേഹത്തോട് അടുപ്പമുള്ള നേതാവാണ് കെ റഫീഖ്. അതുകൊണ്ട് തന്നെ മലബാറില്‍ മറ്റ് ജില്ലകളിലും സമാനമായ അട്ടിമറി ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

അതേസമയം അമിതമായ ന്യൂനപക്ഷപ്രീണനനയം പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഇത് ഭൂരിപക്ഷ മതസ്ഥരെ പാര്‍ട്ടിയില്‍നിന്നകറ്റാനും വോട്ടുകുറയാനും ഇടയാക്കിയെന്നും സി.പി.എം വയനാട് ജിലലാ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രീണനനയംകൊണ്ട് മറ്റു ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു. ഭൂരിപക്ഷസമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഇതെല്ലാം പാര്‍ട്ടിയുടെ സ്ഥിരംവോട്ടുകളില്‍ കുറവുണ്ടാകാന്‍ ഇടയാക്കിയെന്നും വാദങ്ങളുയര്‍ന്നു.

എന്നാല്‍, ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോകണമെന്നും അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്രകമ്മിറ്റിയംഗം ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. പുനരധിവാസ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാര്യമായ വിമര്‍ശനമുണ്ടായിരുന്നില്ല. കേന്ദ്രത്തിന്റെ നിലപാടും വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡിവലപ്മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം തിരികെനല്‍കാത്തത് തിരിച്ചടിയായെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയം ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ടായി. ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിട്ടുവന്നവരെയും മറ്റുംകൂട്ടി മത്സരിച്ച് പരാജയപ്പെട്ടതും ചര്‍ച്ചയായി.

വയനാട്ടില്‍ രാഹുലും പ്രിയങ്കയും വിജയിച്ചത് വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത പിബി അംഗം എ. വിജയരാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് അമിമ ന്യൂനപക്ഷ പ്രീണനം സിപിഎമ്മിനും തിരിച്ചടിയായെന്ന് അതേ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ എന്‍ഡിഎയുടെ വോട്ട് വിഹിതത്തില്‍ വന്ന വര്‍ദ്ധനയും സിപിഎം ഭയത്തോടെയാണ് കാണുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷ സമുദായത്തില്‍ നിന്നുളള പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. ഒപ്പം ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ എന്‍ഡിഎയ്ക്ക് വോട്ട് വര്‍ദ്ധിച്ചതും ചര്‍ച്ചയായിരുന്നു. പലസ്തീന്‍ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലുമുള്‍പ്പെടെ പാര്‍ട്ടി നല്‍കിയ അമിത പ്രാധാന്യവും സിപിഎമ്മിന്റെ മതനിരപേക്ഷ വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.