കണ്ണൂര്‍: കളക്ടര്‍ അരുണ്‍ കെ വിജയന്‍ പിപി ദിവ്യയെ സഹായിക്കാനാണ് രംഗത്തുവന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കളക്ടര്‍ അത് തിരുത്താന്‍ തയ്യാറാവണം. ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരന്‍

ഔദ്യോഗിക യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തറവാട്ടില്‍ കയറി ചെല്ലുന്നതുപോലെ കയറിപ്പോയി. അവിടെ കസേര നീക്കിക്കൊടുക്കാന്‍ കലക്ടര്‍ നിന്നു. ആ മീറ്റിങ് നിയന്ത്രിക്കേണ്ടത് കലക്ടറാണ്. എഡിഎമ്മിനെതിരെ ഇങ്ങനെ പറയാന്‍ കളക്ടര്‍ അനുവദിക്കാമോ?. ഏറ്റവും നല്ല ഉദ്യോഗസ്ഥനെന്ന് പറയുന്ന, കര്‍മനിരതനായ, അഴിമതി രഹിതനായ ഉദ്യോഗസ്ഥനെക്കുറിച്ച് പറയുമ്പോള്‍ യൂ ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുപറയേണ്ട കലക്ടര്‍ അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ. ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണം.

ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നത്. അവസാനം ദിവ്യയെ സഹായിക്കാന്‍ ഇറങ്ങിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. നവീന്‍ ബാബു തെറ്റുപറ്റിയെന്ന് കളക്ടര്‍ പറഞ്ഞത് ശുദ്ധ അസംബന്ധവും നുണയുമാണ്. കളക്ടര്‍ തിരുത്താന്‍ തയ്യാറാവുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ജനം നിങ്ങളെയും ദിവ്യക്കൊപ്പം വിലയിരുത്തും. തെറ്റ് തിരുത്തുവാന്‍ കലക്ടര്‍ തയ്യാറാവണം. അല്ലെങ്കില്‍ കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കും സുധാകരന്‍ പറഞ്ഞു.

ദിവ്യയെ സിപിഎം നേതാക്കളും പൊലീസും സംരക്ഷിക്കുകയാണ്. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ പൊലീസ് പൂര്‍ണ സംരക്ഷണം നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ , പി ശശിയുള്‍പ്പെടെയുള്ളവര്‍ ദിവ്യയെ സംരക്ഷിക്കുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെ പോകുമെന്ന് സുധാകരന്‍ പറഞ്ഞു.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നേരം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നു. പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡര്‍ തകര്‍ത്തു. അതിനിടെ കെഎസ്യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പൊലിസ് വാഹനം വനിതാ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.