- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ സതീശന്‍ എത്തിയിട്ടും ഷോ കവര്‍ന്ന് സുധാകരന്! 'അധികാരത്തിന്റെ ചില്ലുമേടയിലല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം'; പുതുയുഗ യാത്രയുടെ വഴിനീളെ കെഎസ് തരംഗം; പടലപ്പിണക്കങ്ങള്‍ക്കിടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സുധാകരന് ഒന്നാമത്; കണ്ണൂര്‍ പിടിക്കാന്‍ കെഎസ് തന്നെ വരുമോ?
കെ.സുധാകരന്‍ തുടരും: പുതുയുഗ യാത്രയെ വരവേറ്റ് കണ്ണൂരില്‍ പ്രവര്‍ത്തകര്‍

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചിരിക്കെ പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതല്‍ താണ വരെയുള്ള പാതയോരങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എം.പിയുമായ കെ. സുധാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച്ച വൈകിട്ട് സ്ഥാപിച്ചു. കെ. സുധാകരന്‍ തുടരും, അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സുധാകരന്റെ സ്ഥാനം, കെ.എസ്.കണ്ണൂരിന്റെ കരുത്തനായ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പുതുയുഗ യാത്ര നയിക്കുന്ന വി.ഡി സതീശന്റെയും മറ്റു യു ഡി. എഫ് നേതാക്കളുടെയും ചിത്രങ്ങള്‍ ബോര്‍ഡിന്റെ അടിയിലാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമല്ല കണ്ണൂരില്‍ കെ. സുധാകരന്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതിനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ക സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കുന്നതിനായി താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഈ കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും കെ. സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കടന്നപ്പള്ളിക്കെതിരെ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം എന്നാല്‍ എം.പിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നാണ് കെ. പി. സി. സി യുടെ നിലപാട്.
എന്നാല്‍ കെ പി സി സി അദ്ധ്യക്ഷ പദവി ഒഴിയുമ്പോള്‍ കെ.സുധാകരന് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സുധാകരന് പുറമേ മുന്‍ മേയര്‍ ടി ഒ മോഹനന്‍, കെ.എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്, ഡി. സി. സി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, അമൃതാ രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
യുഡിഎഫ് സിറ്റിങ് സീറ്റായ കണ്ണൂര്‍ മണ്ഡലം രണ്ടുതവണയാണ് നഷ്ടമായത് മന്ത്രി രാമചന്ദ്രന്‍ കടന്ന പള്ളിയാണ് യുഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 6000 വോട്ടിലേറെ ലീഡ് യുഡിഎഫിനുണ്ട്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മൂന്നാമതും മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അനാരോഗ്യം തടസമായിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്‌ളിക്ക് ദിന പരേഡില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി വേദിയില്‍ വെച്ചു കുഴഞ്ഞുവീണിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ദിവസങ്ങളോളമുള്ള ചികിത്സയ്ക്കു ശേഷമാണ് പൊതുരംഗത്ത് ഇറങ്ങിയത്. കടന്നപ്പള്ളിക്ക് പകരമായി നേതാക്കളായ യു ബാബു ഗോപിനാഥ്, ടി.കെ.എ ഖാദര്‍ എന്നിവരെയും സി.പി.എം പരിഗണിക്കുന്നുണ്ട്


