തിരുവനന്തപുരം കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലെന്ന് വെളിപ്പെടുത്തല്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു ലഭിച്ചതായി കെ. സുധാകരന്‍ വെളിപ്പെടുത്തി. ഇതോടെ നിലവിലെ ലോക്‌സഭാ അംഗങ്ങളില്‍ പലരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഉറപ്പായി. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും നിയമസഭയില്‍ മത്സരിക്കും.

ജയ സാധ്യതയുള്ള എംപിമാരെ എല്ലാം കളത്തില്‍ ഇറക്കാനാണഅ തീരുമാനം. കോണ്‍ഗ്രസ് ഹൈക്കമാണ്ടുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ മത്സരിപ്പിക്കുമോ എന്നതും നിര്‍ണ്ണായകാണ്. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇല്ലെന്ന് തരൂര്‍ വിശദീകരിച്ചിട്ടുണ്ട്. സുധാകരന്റെ വെളിപ്പെടുത്തലാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. കോന്നിയില്‍ നിന്നും അടൂര്‍ പ്രകാശ് മത്സരിക്കാനാണ് സാധ്യത. സമാന രീതിയില്‍ ജയിക്കാന്‍ സാധ്യത കുറവുള്ള നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരെ പരീക്ഷിച്ചേക്കും. പരമാവധി സീറ്റ് നിയമസഭയില്‍ ഉറപ്പിക്കാനാണ് ഇത്. കണ്ണൂര്‍ നിയമസഭയില്‍ നിന്നാകും സുധാകരന്‍ മത്സരിക്കുക.

കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്ന് ഡല്‍ഹിയില്‍ വച്ച് കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരന്‍ പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍ തന്നെയുണ്ടാകുമെന്നും വേണു പറഞ്ഞു. ഉചിതമായ ആദരം നല്‍കി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നു വേണുഗോപാല്‍ പറഞ്ഞപ്പോള്‍, മാറാന്‍ തയാറാണെന്നു ഞാനും പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗത്വം വാഗ്ദാനം ചെയ്തതിനൊപ്പം, ഞാന്‍ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചുവെന്ന് സുധാകരന്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സംസാരിക്കാന്‍ പോയത് അധ്യക്ഷ പദവിയില്‍നിന്നു മാറേണ്ടി വരുമെന്ന ധാരണയിലാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിണറായി വിജയന് എതിരായ അന്തിമ പോരാട്ടമായി ഞാന്‍ അതിനെ കണ്ടിരുന്നു, അതൊരു സത്യമാണ്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും എന്നോട് മാറണമെന്ന് ആവശ്യപ്പെടാതിരുന്നതോടെ, മാറേണ്ടി വരില്ലെന്നാണു ഞാന്‍ കരുതിയത്-സുധാകരന്‍ പറയുന്നു. തന്റെ പിന്തുണയിലാണ് സണ്ണി ജോസഫ് കെപിസിസി തലപ്പത്ത് എത്തിയതെന്ന് കൂടി പറയുകയാണ് സുധാകരന്‍..

കണ്ണൂര്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കുക എന്റെ രാഷ്ട്രീയ ദൗത്യമാണ്. കെ.സി.വേണുഗോപാലും ഞാനും തമ്മില്‍ സഹോദര്യ തുല്യമായ ബന്ധമാണ്. 1993ല്‍ കണ്ണൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകളെ വെല്ലുവിളിച്ച് ഞാന്‍ മത്സരിച്ചപ്പോള്‍ വേണു കെഎസ്യു സംസ്ഥാന പ്രസിഡന്റാണ്. കരുണാകരനൊപ്പം നിന്നിട്ടും അദ്ദേഹം എനിക്കു വേണ്ടി പ്രവര്‍ത്തിച്ചു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും എതിര്‍ത്തിട്ടും അന്നു ഞാന്‍ ജയിച്ചു. എല്ലാക്കാലത്തും വേണുഗോപാല്‍ എന്നെ സഹായിച്ചിട്ടേയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.