- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു; അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തോ സംഭവിച്ചിരുന്നുവെന്നല്ലെയെന്ന് ഗവർണ്ണർ; ഗവർണ്ണറുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും സുധാകരൻ; സ്വർണ്ണക്കടത്ത് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കാകുന്നു
തിരുവനന്തപുരം: ഗവർണ്ണറുമായുള്ള തുറന്ന പോര് മുറുകുന്നതിനൊപ്പം തന്നെ സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ ചർച്ചയിലെത്തുന്നത് പാർട്ടിക്കും മന്ത്രിസഭയ്ക്കും ഒരുപോലെ തലവേദനയാകും.ഗവർണ്ണർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ മുഖ്യമന്ത്രി ഒരുങ്ങുമ്പോൾ തന്റെ കയ്യിലെ മുഴുവൻ ആയുധവുമെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രയോഗിക്കുകയാണ് ഗവർണ്ണർ.കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയും ഇത് ലക്ഷ്യം വച്ച് തന്നെയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്ത് കേസിൽ നേരിട്ട് ഉൾപ്പെട്ടതായി കരുതുന്നുണ്ടോ? എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഈ ചോദ്യം കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു. അതിനർഥം അവിടെ എന്തോ സംഭവിക്കുന്നുണ്ടായിരുന്നുവെന്നല്ലേ? ആരായിരുന്നു ശിവശങ്കർ? കേസിൽ പ്രതിയായിരുന്നതുകൊണ്ടു മാത്രമാണല്ലോ അദ്ദേഹത്തിനു പുറത്തുപോകേണ്ടി വന്നത്.
അതുകൊണ്ട്, ഇതെല്ലാം അവസാനം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. ആ സ്ത്രീ (സ്വപ്ന) മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ശിവശങ്കറിനെ കണ്ടത്. അതേ ഓഫിസ് അവർക്കൊരു ജോലിയും തരപ്പെടുത്തിക്കൊടുത്തു. അതുകൊണ്ട് ഈ ചോദ്യം എന്തിനാണ് എന്നോട് ചോദിക്കുന്നത്? എന്നായിരുന്നു ഗവർണറുടെ മറുപടി. 'മന്ത്രിമാർ എങ്ങനെയാണ് പെരുമാറിയിരുന്നത്, എങ്ങനെയാണ് ആ സ്ത്രീയെ (സ്വപ്ന സുരേഷ്) ഹിൽ സ്റ്റേഷനിലേക്ക് ക്ഷണിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ കേരളത്തിൽ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ പുസ്തകത്തിന്റെ (സ്വപ്നയുടെ പുസ്തകം) ഒരു കോപ്പി വാങ്ങി ഒരു രാത്രിയെങ്കിലും അതൊന്നു വായിക്കൂ' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇതിന് പിന്നാലെ സർക്കാരിനെതിരെ സമരപരിപാടികൾ ശക്തമാക്കാനൊരുങ്ങുന്ന പ്രതിപക്ഷവും ഗവർണ്ണറുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ട്.ഗവർണർ സ്വീകരിക്കുന്ന നടപടികളിൽ ആത്മാർഥത ഉണ്ടെങ്കിൽ കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം കാട്ടിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആവശ്യപ്പെടുന്നത്. സ്വർണക്കടത്തു കേസിൽ ഗവർണറുടെ നിലപാടിനു പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് ഉൾപ്പെടെ കോൺഗ്രസും യുഡിഎഫും ഉന്നയിച്ച ആരോപണങ്ങളിൽ ശരിയായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയാറായിട്ടില്ല. ആ ആരോപണങ്ങൾ ശരിവച്ച് അതേപടി ആവർത്തിക്കുന്ന ഗവർണർ എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നില്ല?
ഗവർണറുടെ ആ നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്നു കരുതേണ്ടിവരും. തുടർച്ചയായി നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന സർക്കാരാണ് എന്നു ബോധ്യപ്പെട്ടിട്ടും പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ എന്തുകൊണ്ട് ഗവർണർ തയാറാകുന്നില്ലെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നും സുധാകരൻ പറഞ്ഞു.ഗവർണ്ണറെ തന്നെ പ്രതിരോധിക്കാൻ കടുത്ത നടപടിലേക്ക് നീങ്ങുന്ന സിപിഎമ്മും സർക്കാറും യുഡിഎഫ് കൂടി സമാന ആരോപണവുമായി രംഗത്ത് വരുമ്പോൾ കൂടുതൽ പ്രതിസന്ധിയിലാകും.
ഗവർണ്ണർ നിലപാട് അറിയിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടിയിൽ ഒരു പ്രധാന വിഷയമായി വീണ്ടും സ്വർണ്ണകടത്തെത്തുമെന്ന കാര്യത്തിൽ തർക്കമില്ല.ഈ വിഷയം നേരെ നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എന്നതിനാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മൂർച്ചകൂടുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ