ന്യൂഡല്‍ഹി: യാത്രാബത്ത 11 ലക്ഷമാക്കിയെന്ന ആരോപണം തെറ്റെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. കേരള ഹൗസ് റസിഡന്റ് കമ്മിഷണറുടെകൂടി യാത്രാച്ചെലവാണ് 11 ലക്ഷമെന്നും വിശദീകരണം. രൂക്ഷവിമര്‍ശനമുന്നയിച്ച ജി.സുധാകരന്‍ പാവമെന്നും മറുപടി പറയുന്നില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി.സുധാകരനടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പിന്നാലെയാണ് യാത്രാബത്ത ആരോപണത്തില്‍ കെ.വി.തോമസ് വ്യക്തത വരുത്തുന്നത്. യാത്രബത്ത 11 ലക്ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശം തനിക്കും കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ക്കും വേണ്ടിയാണ്. ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. ബാക്കി തുക പെന്‍ഷനായി ലഭിക്കുന്നതാണെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി.

സംസ്ഥാനത്തിന്റെ പ്രതിനിധി, ഗ്രഹപാഠം നടത്താതെ കേന്ദ്രധനമന്ത്രിയെ കണ്ടെന്നുള്ള എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വിമര്‍ശനത്തില്‍, ധനമന്ത്രി ചോദിച്ച ഏതുകണക്കാണ് നല്‍കാത്തതെന്ന് പറയട്ടെ എന്നും കെ.വി.തോമസ് പറഞ്ഞു. തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷനാണ് ലഭിക്കുന്നത്. തനിക്ക് പ്രതിമാസം 30 ലക്ഷം രൂപ തനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാല്‍ 25 ലക്ഷം ജി സുധാകരന് നല്‍കാമെന്നും കെ വി തോമസ് ഇന്നലെ പ്രതികരിച്ചിരുന്നു.

താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് കാരനാണ്. കൊല്ലം സമ്മേളനത്തിന് താന്‍ പോയില്ല. താന്‍ സിപിഐഎം അംഗത്വം എടുത്തിട്ടില്ല.ജി സുധാകരന്റെ നിലവിലെ മൈന്‍ഡ് സെറ്റ് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ ആഞ്ഞടിച്ചിരുന്നു. ഡല്‍ഹിയിലിരിക്കുന്ന കെ വി തോമസിന് മാസം പത്തു മുപ്പതു ലക്ഷം രൂപയാണ് കിട്ടുന്നതെന്നും, ഇതൊക്കെ പുഴുങ്ങി തിന്നുമോ എന്നുമാണ് ജി സുധാകരന്റെ ചോദ്യം.