- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മത്സരിക്കാനില്ല; വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു തന്നെ കള്ളനാക്കി ചിത്രീകരിച്ചു; കെ.കെ രാഗേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍
കെ.കെ രാഗേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍
കണ്ണൂര്‍: ഇനി താന്‍ മത്സരിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ 'കോര്‍പറേഷന്‍ ഭരണത്തിന്റെ അവസാന കാലയളവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അഴിമതിയാരോപണങ്ങള്‍ മനസ് വേദനിപ്പിച്ചു. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു തന്നെ കള്ളനാക്കി ചിത്രീകരിച്ചു. ഇനിയും അനുമതി ലഭിക്കാത്ത പദ്ധതിയില്‍ കൈക്കൂലി വാങ്ങിയെന്നാണ് കെ.കെ.രാഗേഷിന്റെ ആരോപണം തന്റെ കൈയ്യില്‍ കിട്ടിയ രേഖകള്‍ വായിച്ചു നോക്കാന്‍ പോലും മെനക്കെടാതെ രാഗേഷ് ആരോപണമുന്നയിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലീവെടുത്താണ് താന്‍ മേയറുടെ ചുമതലയേറ്റെടുത്തത്.
കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ ലാബ് അസിസ്റ്റന്റാണ് താന്‍.മാന്യമായി ജീവിക്കാനുള്ള ശമ്പളം ജോലി ചെയ്താല്‍ ലഭിക്കുന്നുണ്ട്. ഇതുകൂടാതെ കുടുംബ പരമായി ജീവിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുമുണ്ട്. ആരുടെയും പണം കവര്‍ന്നെടുക്കേണ്ട കാര്യം തനിക്കില്ലെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നേതൃത്വം അതിശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേവരെ ഒരു ജോലിയും ചെയ്യാത്തയാളാണ് കെ.കെ രാഗേഷ് ' മാനേജ്‌മെന്റ് ക്വാട്ടയിലാണ് അദ്ദേഹം എം.പി യും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഏറ്റവും ഒടുവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായത്.
എത്രയോ മഹാരഥന്‍മാരായ നേതാക്കന്‍മാര്‍ ഇരുന്ന കസേരയാണത്. രാഗേഷ് സെക്രട്ടറിയായതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ അതൃപ്തിയുണ്ട്. അവരെ മറികടന്നാണ് രാഗേഷ് ജില്ലാ സെക്രട്ടറിയായത്. വ്യാജ യോഗ്യത കാണിച്ചു കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായതാണ് രാഗേഷിന്റെ ഭാര്യ പ്രീയ വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഓഫീസ് ഭരിക്കുന്ന കാലയളവില്‍ വന്‍കിട പദ്ധതികളില്‍ കൈ കടത്തി എങ്ങനെയാണ് കമ്മിഷന്‍ നേടേണ്ടതെന്ന് രാഗേഷിന് നന്നായി അറിയാം. മരക്കാര്‍ കണ്ടിയില്‍ കോര്‍പറേഷന്‍ നടത്തുന്ന മലിനീകരണ പ്‌ളാന്റ് പ്രവൃത്തിയില്‍ പറഞ്ഞുറപ്പിച്ച കമ്മിഷന്‍ കരാറുകാരില്‍ നിന്നും ലഭിക്കാത്തതുകൊണ്ടാണ് രാഗേഷ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തിന് പങ്കാളിത്തമുള്ള കമ്പിനിക്ക് കരാര്‍ കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ തീര്‍ത്തതെന്നും മേയര്‍ കുറ്റപ്പെടുത്തി. മരക്കാര്‍ കണ്ടിയിലെ മാലിന്യ പ്‌ളാന്റ് പ്രവൃത്തി ടെന്‍ഡര്‍ മറികടന്നുകൊണ്ട് ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയ ആന്‍ഡ് കമ്പിനിക്ക് കൊടുത്തിട്ടുണ്ട്. രാജ്യത്തെ ആറു കമ്പി നികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തോടെയാണ് ഇതിനുള്ള നടപടികള്‍ നടത്തിയത്.
140 കോടിയുടെ പദ്ധതിക്ക് 100 കോടി രൂപയുടെ അഴിമതിയാരോപണം ഉന്നയിക്കുകയാണ് കെ.കെ.രാഗേഷ് എല്‍.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനില്‍ ഇതേ കമ്പി നി തന്നെയാണ് പദ്ധതി നടത്തുന്നത്. ഞങ്ങള്‍ക്കതാവാം നിങ്ങള്‍ക്ക് പാടില്ലെന്ന സി.പി.എമ്മിന്റെ പതിവു പരിപാടിയാണിത്. കോര്‍പറേഷന്‍ ഭരണത്തെ തുരങ്കം വയ്ക്കുന്ന നടപടികളാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ മൂന്ന് മാസം കൂടുമ്പോള്‍ സ്ഥലം മാറ്റി ഭരണ പ്രതിസന്ധി സൃഷ്ടിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം കോര്‍പറേഷന്റെ തലയില്‍ വീഴുകയാണ്.
സി.പി. എമ്മിന്റെ ശിങ്കിടികളായ ഉദ്യോഗസ്ഥന്‍മാര്‍ കോര്‍പറേഷനിലുണ്ട്. അവരാണ് കെ.കെ.രാഗേഷിന് ഫയലുകളും രേഖകളും ചോര്‍ത്തിക്കൊടുന്നത്. എങ്ങനെയെങ്കിലും യു.ഡി.എഫില്‍ നിന്ന് കോര്‍പറേഷന്‍ ഭരണം പിടിക്കുകയാണ് ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ കെ.കെ രാഗേഷിനെ പാര്‍ട്ടി ഏല്‍പ്പിച്ച ടാസ്‌ക്. ഇതിനായാണ് വസ്തുതാപരമല്ലാത്ത അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാഗേഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.




