ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ വ്യക്തമായത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരള ജനത സ്നേഹിക്കുന്ന മോഹൻലാലിനെ ആദരിച്ച പരിപാടിയെ വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ മോഹൻലാലിനെപ്പോലുള്ള ഒരു കലാകാരനെ ഇത്തരം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കേണ്ടിയിരുന്നോ എന്ന് സംഘാടകർ ആലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് മറികടക്കാനാണ് ഇത്തരം പിആർ പരിപാടികൾ സർക്കാർ നടത്തുന്നത്. ശബരിമല വിവാദങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹൻലാലിനുള്ള ഈ ആദരവെന്നും വേണുഗോപാൽ ആരോപിച്ചു. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സർക്കാരിന്റെ ചെയ്തികൾ അവരെത്തന്നെ വേട്ടയാടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പ സംഗമത്തിന് പൊതുഖജനാവിൽ നിന്ന് പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് 8.22 കോടി രൂപ അനുവദിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയെ അറിയിച്ചതിന് വിരുദ്ധമായ നടപടികളാണ് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ആ പണം ഊരാളുങ്കലിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ ഹൈക്കോടതി നിർദ്ദേശങ്ങൾക്കെതിരായാണ് പ്രവർത്തിക്കുന്നതെന്നും ശബരിമലയെ വിവാദ ഭൂമിയാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിനു പിന്നിൽ രാഷ്ട്രീയ താൽപ്പര്യമാണെന്നും വേണുഗോപാൽ ആരോപിച്ചു.