- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവഗൗഡയോടും കുമാരസ്വാമിയോടും വിട; എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ; ബിജെപി സഖ്യകക്ഷിയെന്ന 'ചീത്തപ്പേര്' ഇനിയില്ല; ചിറ്റൂരിലും തിരുവല്ലയിലും പുതിയ ചിഹ്നത്തില്‍ പോരാട്ടം; പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് പൂട്ടിട്ട് മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാനിരിക്കെ ബിജെപി സഖ്യത്തിലുള്ള ദേശീയ നേതൃത്വവുമായി പൂര്‍ണ്ണമായും ബന്ധം വിച്ഛേദിച്ച് ജനതാദള്‍ (എസ്) കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഇതോടെ ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധികള്‍ കേരളത്തിലെ ഇടത് മന്ത്രിസഭയില്‍ ഇരിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ നിരന്തരമായ പരിഹാസത്തിന് അറുതിയാകും. നിലവില്‍, തിരുവല്ലയില്‍ നിന്നുള്ള മാത്യു ടി. തോമസ്, ചിറ്റൂരില്‍ നിന്നുള്ള മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നീ രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് കേരളത്തിലുള്ളത്
കുമാരസ്വാമി മോദി മന്ത്രിസഭയിലേക്ക്; വെട്ടിലായി കേരള ഘടകം
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാകുന്നത്. കര്‍ഷക നേതാവെന്ന് അവകാശപ്പെട്ടിരുന്ന കുമാരസ്വാമി മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായതോടെ കേരളത്തിലെ നേതാക്കളായ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ എങ്ങനെ എല്‍ഡിഎഫില്‍ തുടരുന്നു എന്നതായിരുന്നു യുഡിഎഫിന്റെ പ്രധാന ആയുധം.
സിപിഎം സംരക്ഷണം; ഒടുവില്‍ വഴിപിരിയല്‍
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സിപിഎം നേതൃത്വം ജെഡിഎസിന് സംരക്ഷണമൊരുക്കിയിരുന്നു. എന്നാല്‍ സാങ്കേതികമായി ബിജെപി സഖ്യത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി ചിഹ്നമായ 'കറ്റയേന്തിയ കര്‍ഷകസ്ത്രീ'യില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ തടസ്സങ്ങള്‍ നീക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം തീരുമാനിച്ചത്.
ഇനി ആശയക്കുഴപ്പമില്ല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതോടെ കേരളത്തിലെ രണ്ട് എംഎല്‍എമാരും പുതിയ ബാനറിലേക്ക് മാറും. ഇതിലൂടെ ഇടത് മുന്നണിയിലെ രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങള്‍ അവസാനിക്കും. പുതിയ പേരും കൊടിയും ചിഹ്നവുമായിട്ടായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുക.




