- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം നിരോധിത സംഘടനകള്‍ക്ക് എത്തുന്നുവെന്ന് പറഞ്ഞിട്ടില്ല; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരമില്ലെന്ന് കേരള പൊലീസ്; ഗവര്‍ണറുടെ പ്രസ്താവന തള്ളി വിശദീകരണ കുറിപ്പ്; വിമര്‍ശനം തുടരുന്ന ആരിഫ് മുഹമ്മദ് ഖാനെ രാഷ്ടീയമായി നേരിടാന്‍ സിപിഎമ്മും സര്‍ക്കാരും
ഗവര്‍ണറുടെ പ്രസ്താവന തള്ളി കേരള പൊലീസ്
തിരുവനന്തപുരം :വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം നിരോധിത സംഘടനകള്‍ക്ക് എത്തുന്നുവെന്ന പരാമര്‍ശം കേരള പൊലീസ് വെബ്‌സൈറ്റില്‍ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവന തള്ളിയാണ് പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്.
ഗവര്‍ണറുടെ പ്രസ്താവന വന്ന് മണിക്കുറുകള്‍ക്ക് ശേഷമാണ് വിശദീകരണം. പൊലീസ് ഇതുവരെ പിടിച്ചെടുത്ത സ്വര്‍ണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പൊലീസ് വെബ്സൈറ്റിലെ ചില കണക്കുകള്‍ എന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എന്നാല്‍ ഇത് തള്ളിയാണ് പൊലീസ് ആസ്ഥനത്ത് നിന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തെ ചൊല്ലിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറെ തള്ളി പൊലീസും രംഗത്തുവരുന്നത്.
വിവാദമായ മലപ്പുറം സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയില്ലെങ്കില്‍ അക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയയ്ക്കാനാണ് നീക്കം.
അതേസമയം, ഗവര്‍ണര്‍ വീണ്ടും ആഞ്ഞടിച്ചാല്‍, വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ട് എന്നും ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി ഹിന്ദു പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി പുറത്തുവന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ ഭരണത്തലവനായ തന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ഗവര്‍ണര്‍ ആദ്യം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
താന്‍ പറഞ്ഞ കാര്യങ്ങളല്ല പത്രത്തില്‍ വന്നതെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി മറുപടിയും നല്‍കി. ചീഫ് സെക്രട്ടറിയേയും സംസ്ഥാന പൊലീസ് മേധാവിയേയും വിളിപ്പിച്ചു കാര്യങ്ങള്‍ തിരക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് സര്‍ക്കാര്‍ തടയിട്ടു. ഇതിന് പിന്നാലെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്ത് യുദ്ധം ആരംഭിച്ചു. തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലുള്ള നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ മറുപടി നല്‍കി. എന്നാല്‍ വിഷയത്തില്‍ നിന്ന് വിടാന്‍ ഗവര്‍ണര്‍ തയാറല്ല എന്ന സൂചനയാണ് രാജ്ഭവന്‍ നല്‍കുന്നത്.