- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയില്‍ കെ.കെ. രമ ആര്‍.എം.പി. സ്ഥാനാര്‍ത്ഥി; എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണയ്ക്കും; പിണറായി സര്‍ക്കാരിന്റെ 'അന്ത്യകൂദാശ' മെയ് നാലിനെന്ന് ആര്‍.എം.പി
വടകരയില്‍ കെ.കെ. രമ ആര്‍.എം.പി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ.കെ. രമ യു.ഡി.എഫ്. പിന്തുണയോടെ ആര്‍.എം.പി.ഐ. സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തോല്‍വി ഉറപ്പാക്കുകയാണ് ആര്‍.എം.പി.ഐയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.കെ. രമ വിജയിച്ചത്. ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ രമ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് എന്‍. വേണു പറഞ്ഞു.
സി.പി.എം. വലിയ ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയാണെന്ന് എന്‍. വേണു കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആര്‍.എം.പി.ഐ. വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സി.പി.എമ്മിലെ കണ്ണൂരിലെ നേതാക്കളടക്കം തുറന്നുപറയുന്നത്. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനുമൊന്നും വിമതരല്ലെന്നും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരക്കാരെ ആര്‍.എം.പി.ഐ. ചേര്‍ത്തുപിടിക്കുമെന്നും അവര്‍ക്കായി ഒരു പൊതു പ്ലാറ്റ്ഫോം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എന്‍. വേണു കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും അന്ത്യകൂദാശ, ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം കൂടിയായ മേയ് നാലിന് ജനവിധിയിലൂടെ ഉണ്ടാകുമെന്നും എന്‍. വേണു പ്രവചിച്ചു. ഈ നീക്കം വരുന്ന തെരഞ്ഞെടുപ്പില്‍ വടകരയിലും മറ്റ് മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നല്‍കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.


