- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ ജോര്‍ജ്ജിനെ വധിക്കാന്‍ ശ്രമിച്ചെങ്കില്‍ ആയുധം എവിടെയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യം; കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയത് കരിങ്കൊടിയുമായി; ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കി മൂന്ന് പോലീസുകാരും; റെയില്‍വെ സ്റ്റേഷനില്‍ നടന്നത് ഉന്തും തള്ളും മാത്രമെന്നും മൊഴിയില്‍; ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് ആവിയായത് ഉദ്യോഗസ്ഥരുടെ മൊഴിയില്‍
വീണ ജോര്‍ജ്ജിനെ വധിക്കാന്‍ ശ്രമിച്ചെങ്കില്‍ ആയുധം എവിടെയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.ഐ.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമ കേസ് ചുമത്തിയ നടപടി ഏറെ വിവാദമായിരുന്നു. മന്ത്രിയുടെ പരിസരത്ത് പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കേസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തി ജയിലില്‍ അടക്കുകയാണ് ഉണ്ടായത്. ഈ കേസില്‍ റിമാന്‍ഡില്‍ ആയിരുന്നവര്‍ക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
എങ്ങനെയാണ് കള്ളക്കേസുകളും വകുപ്പുകളും ചുമത്തുന്നത് എന്ന് വ്യക്തമാകുന്നതാണ് ഈ സംഭവം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ശരിയല്ലെന്നാണ് പോലീസുകാരുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്ന കാര്യം. കേസില്‍ കെഎസ്.യു പ്രവര്‍ത്തകര്‍ക്ക് തുണയായി മാറിയത്. പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് മൂന്ന് പോലീസുകാര്‍ മൊഴി നല്‍കിയത്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.
പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പോലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പോലീസുകാര്‍ മൊഴി നല്‍കി. കെഎസ്‌യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്രമാണെന്നും മൊഴിയുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ മൊഴിയാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതില്‍ നിര്‍ണായകമായത്.
തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉള്‍പ്പടെയുള്ള ഒമ്പത് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. എന്നാല്‍ വധശ്രമം നിലനില്‍ക്കുന്നതല്ലെന്നാണ് ജാമ്യം നല്കിയതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ കോടതി വിശദവാദം കേട്ടിരുന്നു.
പ്രതികള്‍ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധം എവിടെയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമുണ്ടായില്ല.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോണ്‍ഗ്രസും കെഎസ്‌യു വും ആരോപിക്കുന്നു. മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ നേരിട്ട് ആക്രമിച്ചതിന് തെളിവില്ലെന്നും റെയില്‍വേ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ ഇത്തരമൊരു ആക്രമണം നടന്നതായില്ലെന്നുമാണ് കോണ്‍ഗ്രസ് വാദം.


