തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി. ഇനി മുതല്‍ ക്ഷേമ പെന്‍ഷന്‍ 2000 രൂപയായിരിക്കും. നിലവില്‍ ക്ഷേമ പെന്‍ഷന്‍ 1600 രൂപയാണ്.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടി. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തില്‍ പ്രതിവര്‍ഷം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശികയും വിതരണം ചെയ്യും.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ട്രാന്‍സ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ വിഭാഗത്തില്‍പ്പെട്ട മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കും. 33 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.

യുവാക്കള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. യുവതലമുറക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ജോലി ലഭിക്കാന്‍ സ്‌റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും തുടക്കമാകും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള 5 ലക്ഷം യുവതീയുവാക്കള്‍ ഗുണഭോക്താക്കളാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രതിവര്‍ഷം സര്‍ക്കാര്‍ 600 കോടി രൂപ ചെലവഴിക്കേണ്ടിവരും. . കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നല്‍കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു കൂട്ടി. നവംബര്‍ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗന വാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം കൂട്ടി. ആയിരം രൂപയാണ് കൂട്ടിയത്. 66,240 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി കൂട്ടി. പ്രതിവര്‍ഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീര്‍ക്കും.ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റെ സംഭരണ വില 30 രൂപ ആക്കി കൂട്ടി. പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വിശദമായി

സ്ത്രീ സുരക്ഷാ പദ്ധതി

ഒന്നാമത്തേത് സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നതാണ്. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും.

35 മുതല്‍ 60 വയസ്സ് വരെയുള്ള, നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാര്‍ഡ്), പി.എച്ച്.എച്ച് (മുന്‍ഗണനാ വിഭാഗം-പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെന്‍ഷന്‍ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രതിവര്‍ഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിടുക.

യുവതലമുറക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്‌റ്റൈപെന്റ് / സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ 5 ലക്ഷം യുവതീ യുവാക്കള്‍ ഗുണഭോക്താക്കള്‍ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 600 കോടി രൂപ ഈ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്.

കുടുംബശ്രീ എ.ഡി.എസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ്

1997ല്‍ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തില്‍ കേവല ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ 'കുടുംബത്തിന്റെ ഐശ്വര്യം' എന്ന് അര്‍ത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളര്‍ന്നിരിക്കുകയാണ്. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്.

അയല്‍ക്കൂട്ടങ്ങള്‍, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഘടകമാണ് അയല്‍ക്കൂട്ടങ്ങള്‍. പ്രാദേശിക തലത്തില്‍ 10 മുതല്‍ 20 വനിതകളെ ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാര്‍ഡിലേയും അഫിലിയേഷന്‍ നേടിയിട്ടുള്ള അയല്‍ക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകള്‍ക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി)കള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്റ് ആയി പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവര്‍ഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്.

ഇത് മൂന്നും പുതിയ പദ്ധതികളാണ്. നവകേരളസദസ്സ,് സംസ്ഥാനത്ത് ആകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികള്‍, അതിന്റെ ഭാഗമായിയുള്ള ചര്‍ച്ചകള്‍ ഇങ്ങനെ വലിയ ഒരു പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികള്‍ക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്‌കരിക്കണമെന്നും സര്‍ക്കാര്‍ കാണുന്നു.

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന അശരണരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍/സര്‍ക്കസ്-അവശ കലാകാര പെന്‍ഷനുകള്‍ എന്നിവ നിലവില്‍ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാന്‍ അതീവശ്രദ്ധയും ജാഗ്രതയുമാണ് സര്‍ക്കാര്‍ പുലര്‍ത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാന്‍ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെന്‍ഷന്‍ തുക നല്‍കുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോള്‍ സര്‍ക്കാര്‍ നിലവിലെ പ്രതിമാസ പെന്‍ഷന്‍ 400 രൂപ കൂടി ഉയര്‍ത്തി പ്രതിമാസം 2,000 രൂപയായി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവര്‍ഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍/ അധ്യാപകര്‍/ പെന്‍ഷന്‍കാര്‍ക്കുള്ള ഡി.എ/ ഡി.ആര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍/ അധ്യാപകര്‍/ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഡി.എ - ഡിആര്‍ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷത്തില്‍ 2 ഗഡു നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു ഗഡു ഡി.എ - ഡിആര്‍ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുന്‍ ഗഡുക്കളില്‍ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 4% ആയി നവംബര്‍ മാസത്തില് വിതരണം ചെയ്യുന്ന ശമ്പളം/പെന്ഷനോടൊപ്പം നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. 2026 ഏപ്രില്‍ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫില്‍ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവര്‍ക്ക് പണമായി 2026 ഏപ്രില്‍ 1 നു ശേഷം നല്‍കും.

അംഗനവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയം

അംഗനവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. 66,240 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവര്‍ഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ല്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചിരുന്നു.

സാക്ഷരത പ്രേരക്മാരുടെ (തുടര്‍ വിദ്യാകേന്ദ്രം / നോഡല്‍ പ്രേരക്മാര്‍) ഓണറേറിയം

സാക്ഷരത പ്രേരക്മാരുടെ (തുടര്‍ വിദ്യാകേന്ദ്രം / നോഡല്‍ പ്രേരക്മാര്‍) പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവര്‍ഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവര്‍ക്ക് ഇതുവരെയുള്ള കുടിശികയും നല്‍കും.

ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം

ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിക്കും. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവര്‍ഷം 250 കോടി രൂപയാണ് ചെലവാകുക. ഇവര്‍ക്ക് ഇതുവരെയുള്ള കുടിശികയും നല്‍കും.

പാചകത്തൊഴിലാളികളുടെ ഓണറേറിയം

സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വര്‍ദ്ധിപ്പിക്കും 1100 രൂപയുടെ വര്‍ദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവര്‍ഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.

പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും വേതനം

പ്രീ പ്രൈമറി റ്റീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/ രൂപ വര്‍ദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവര്‍ഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.

ഗസ്റ്റ് ലക്ച്ചറര്‍മാരുടെ വേതനം

ഗസ്റ്റ് ലക്ച്ചറര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വര്‍ദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവര്‍ഷം 2.07 കോടി രൂപയാണ് ചെലവ് വരുക.

റബ്ബര്‍ സബ്‌സിഡി

റബ്ബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയില്‍ നിന്നും 200 രൂപയാക്കി ഉയര്‍ത്തും.

ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കും.

ഇത്രയും കാര്യങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്.

കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാര്‍ മുഖ്യമായി കാണുന്നത്. അതുകൊണ്ടാണ് എല്ലാ പ്രയാസങ്ങളെയും മാറ്റിവച്ച് ഈ വര്‍ദ്ധിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നത്.

ഇതിന് പുറമേ മറ്റ് ചില നടപടികള്‍ കൂടി ഇവിടെ അറിയിക്കുകയാണ്.

കേരള നിര്‍മ്മാണ തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതിര്‍ക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താന്‍ വായ്പയെടുക്കും.

കേരള അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും. 24.6 കോടിരൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സര്‍ക്കാര്‍ ഈ വര്‍ഷം നല്‍കും.

സ്‌കോളര്‍ഷിപ്പ്

പട്ടികജാതിവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ് അധികധനസഹായം, 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ, അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും.

മത്സ്യതൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് 25 കോടിരൂപ അനുവദിക്കും.

സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക.

വകുപ്പുകളുടെ ബജറ്റ് വിഹിതത്തില്‍ നിന്നും നല്‍കുന്ന ധനസഹായ പദ്ധതികള്‍ കുടിശ്ശിക ഉള്‍പ്പെടെ കൊടുത്തുതീര്‍ക്കുന്നതിനായി 498.36 കോടിരൂപ അധികമായിനല്‍കും.

തണല്‍-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം 207.40 കോടി രൂപ.

ഖാദി തൊഴിലാളികള്‍ക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ.

ഖാദി സ്ഥാപനങ്ങള്‍ക്കും ഖാദിബോര്‍ഡിന് കിഴിലുള്ള പ്രോജക്ട്ടുകള്‍ക്കും

അനുവദിക്കുന്ന റിബേറ്റ് 58 കോടി രൂപ.

ഖാദിതൊഴിലാളികള്‍ക്കുള്ള ഉത്സവബത്തയും ഉത്പാദന ഇന്‍സെന്റ്റിവും 2.26 കോടി രൂപ.

യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികള്‍ക്കുള്ള കൂലിയും റിബേറ്റും 50 കോടി രൂപ.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്കുകള്ള ധനസഹായം 64 കോടി രൂപ.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്കുകള്ള ധനസഹായം 1.17 കോടി രൂപ.

മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 11.85 കോടി രൂപ.

വന്യമൃഗ അക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള ധനസഹായം 16 കോടി രൂപ.

മലബാര്‍ ദേവസ്വത്തിന്റെ കിഴിലുള്ള ആചാര്യ സ്ഥാനിയര്‍, കോലധാരികള്‍ എന്നിവര്‍ക്കുള്ള ധനസഹായം 0.82 കോടി രൂപ.

പമ്പിംഗ് സബ്‌സിഡി 42.86 കോടി രൂപ

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധസഹായങ്ങളും മറ്റ് അനുകുല്യങ്ങളും

ലെപ്രസി, കാന്‍സര്‍, ക്ഷയരോഗികള്‍ക്കുള്ള ധനസഹായം സമയബന്ധിതമായി നല്‍കുന്നതിന് പണം അനുവദിക്കും.

കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേര്‍ത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും.

ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികള്‍ക്ക് പൂര്‍ണ്ണമായും തുക അനുവദിക്കും.

മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുവാന്‍ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കും.

സപ്ലൈകോ - വിപണി ഇടപെടല്‍ ഇനത്തില്‍ കുടിശ്ശിക തീര്‍ക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും

നെല്ല് സംഭരണത്തില്‍ ബാക്കി നല്‍കാനുള്ള തുക ഉടനെ അനുവദിക്കും. കണ്‍സോര്‍ഷ്യം വായ്പയില്‍ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീര്‍ക്കാനുള്ള തുക കണ്ടെത്തും.

ദേശിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകള്‍ക്കായി 194 കോടി രൂപ അനുവദിക്കും.

കരാറുകാരുടെകുടിശ്ശിക ബിഡിഎസ്വഴി കൃത്യതയോടെ നല്‍കും. ഈ ഇനത്തില്‍ ആകെ 3094 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ 1000 കോടിരൂപ ഈ സാമ്പത്തികവര്‍ഷം ഡിസംബര്‍ 31 വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് ബിഡിഎസ് ഒഴിവാക്കി മുന്‍ഗണന നല്‍കി നേരിട്ട് തുക അനുവദിക്കും.

കേരള സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികള്‍ക്കുള്ള കുടിശ്ശിക തിര്‍ക്കുന്നതിനായി 88.38 കോടിരൂപ അനുവദിക്കും.

വയോമിത്രം 30 കോടി രൂപ

സ്‌നേഹപൂര്‍വ്വം 43.24 കോടി രൂപ

ആശ്വാസകിരണം 6.65 കോടി രൂപ

സ്‌നേഹസ്പര്‍ശം 0.25 കോടി രൂപ

മിഠായി 7.99 കോടി രൂപ

വി കെയര്‍ 0.24 കോടി എന്നിങ്ങനെയാണ് അനുവദിക്കുക.

2025 മാര്‍ച്ച് മാസം വരെയുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിയ്ക്ക് 3.1 കോടിരൂപയും കൂടി വേണ്ടി വരും. കുടിശ്ശിക ഉള്‍പ്പെടെ മൊത്തം ആവശ്യമായ 146.48 കോടി രൂപ അനുവദിക്കും.

പ്രവാസി ക്ഷേമബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി തടസ്സമില്ലാതെമുന്നോട്ട്‌കൊണ്ട്‌പോകുന്നതിനായി 70 കോടിരൂപ അനുവദിക്കും.

ഖാദി ബോര്‍ഡ്, കരകൗശല വികസന കോര്‍പ്പറേഷന്‍, ബാംബൂ കോര്‍പ്പറേഷന്‍, മരം കയരുന്നവര്‍ക്കുള്ള പെന്‍ഷന്‍, തോട്ടം തൊഴിലാളികള്‍ക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗണ്‍സിലര്‍മാര്‍ക്കുള്ള ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടിരൂപ അനുവദിക്കും.

ബഡ്ജ്റ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാനന്‍വീവ്, ഹാന്‍ടെക്‌സ് എന്നീ സ്ഥാപനങ്ങനള്‍ക്ക് കുടിശ്ശിക തീര്‍ക്കുരന്നതിനായി 20.61 കോടി രൂപ നല്‍കും.

ഒരിക്കല്‍ കൂടി പറയുകയാണ് 2016ലും 2021ലും സത്യപ്രതിജ്ഞചെയ്ത് അധികാരം ഏല്‍ക്കുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഒന്നൊന്നൊയി നടപ്പാക്കുന്നതില്‍ ഒരു വിട്ട് വീഴ്ചയും ഉണ്ടാകില്ല എന്നതാണ് ഈ പത്തു വര്‍ഷക്കാലത്തെ അനുഭവം. മുന്‍കാലങ്ങളിലെ പതിവ് മാറ്റി 2021ല്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ച ഭരണതുടര്‍ച്ചയാണ് ഏത് പ്രതിസന്ധികളെയും മിറകടന്ന് മുന്നോട്ട് പോകാനുള്ള വര്‍ദ്ധിച്ച നമ്മുടെ നാടിന് നല്‍കിയത്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ നവകേരളം കെട്ടിപ്പെടുക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.