തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് കെ തോമസ് ആവശ്യപ്പെട്ടതിന് പിന്നാലെ അതിശക്തമായ നടപടി വേണമെന്ന് ഇടതുമുന്നണിയില്‍ പൊതുവികാരം. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.

ആരോപണം ശരിയെങ്കില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ചക്ക് വന്നാല്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രന്റെ നിലപാട്.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം. കോഴ നല്‍കി എംഎല്‍എമാരെ ചാടിക്കാനുളള ശ്രമം നടന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് ചെയ്‌തെന്നാണ് ചോദ്യം. അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതില്‍ സിപിഎമ്മിനകത്ത് തന്നെ അതൃപ്തരുണ്ട്. ഇടതുമുന്നണിയില്‍ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. പക്ഷെ വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

മന്ത്രിസ്ഥാനത്തിലെ അടിപിടിക്ക് പിന്നാലെ വീണുകിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് എകെ ശശീന്ദ്രന്‍ വിഭാഗം. കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് എകെ ശശീന്ദ്രനും വ്യക്തമാക്കുന്നു. എന്‍.സി.പി കോഴവിവാദത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കും. ഈ വിഷയം വന്നശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും എ.കെ ശശീന്ദന്‍ പറഞ്ഞു.

എന്നാല്‍ എല്ലാം നിഷേധിച്ച് എഴുതി നല്‍കിയ വിശദീകരണം മുഖ്യമന്ത്രി മുഖവിലക്കെടുക്കാത്തതില്‍ തോമസ് കെ തോമസും അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടര്‍ നീക്കങ്ങള്‍ക്കാണ് ആലോചന.

താന്‍ ഇപ്പോഴും ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന്റെ ഏജന്റുമാര്‍ വന്നെങ്കില്‍ അത് തെളിയിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. താന്‍ അജിത് പവാറിന്റെ ഏതെങ്കിലും മീറ്റിങ്ങില്‍ പോയിട്ടുണ്ടോയെന്നും തെളിയിക്കണം. ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതുവെന്നും തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നുമായിരുന്നു ആരോപണം.

പ്രഫുല്‍ പട്ടേല്‍ തന്റെ മന്ത്രിസ്ഥാനത്തിനായി ശുപാര്‍ശ ചെയ്യുന്ന ആളല്ലെന്നും ശരദ് പവാറാണ് തനിക്കുവേണ്ടി സംസാരിക്കേണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു. ശരദ് പവാര്‍ എ.കെ ശശീന്ദ്രനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എ.കെ ശശീന്ദ്രന്‍ നിലപാട് മാറ്റിയ കാര്യം അറിയില്ലെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.

'എന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആരോപണം വന്നതെന്ന് ആരെങ്കിലും അന്വേഷിച്ചോ? നൂറുകോടി രൂപ രണ്ട് എം.എല്‍.എമാര്‍ക്ക് കൊടുക്കാനായി ഏല്‍പിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. രണ്ട് എം.എല്‍.എ മാരെക്കൊണ്ട് എന്തുചെയ്യാനാണെന്ന് മനസ്സിലാവുന്നില്ല. ഈ വാര്‍ത്ത കേട്ടവരെല്ലാം തമാശയോടെ ഒരു കോടിയുണ്ടോയെന്ന് ചോദിക്കുകയാണ്.

എന്നെ ഇന്നുവരെ ആരും ഒരുകാര്യത്തിനും സമീപിച്ചിട്ടില്ല. പാര്‍ട്ടി വിട്ടുവരാന്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് നിന്നപ്പോഴും കടന്നപ്പള്ളി ഉള്‍പ്പെടെ ഒരുപാട് പാര്‍ട്ടിക്കാര്‍ സമീപിച്ചതാണ്. പക്ഷേ ശരദ് പവാറിനെ വിട്ട് ആരോടൊപ്പവും ചേരാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ചതാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. എ.കെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി അന്വേഷിക്കണമെന്നാണ്. എന്തിനാണ് പാര്‍ട്ടി അന്വേഷിക്കുന്നത്, സര്‍ക്കാര്‍ തന്നെ അന്വേഷിക്കട്ടെ. ശരിയായിട്ടുള്ള അന്വേഷണം നടക്കണം'- തോമസ് കെ തോമസ് പറഞ്ഞു.