- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും; 'പാര്‍ട്ടി കുടുംബം തകര്‍ത്തവനൊപ്പം'; അങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും; സിപിഎമ്മിനെ വെട്ടിലാക്കുന്ന 'അവതാര പിറവികളില്‍' മുഖം പോകുന്നത് സര്‍ക്കാരിന്; ബെനാമി ആരോപണങ്ങളില്‍ മറുപടി ഇല്ലെങ്കില്‍ ശക്തമായ സമരത്തിന് പ്രതിപക്ഷവും
എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് പ്രതികരിച്ച് ചെന്നൈയിലെ വ്യാപാരി മുഹമ്മദ് ഷെര്‍ഷാദ്. പാര്‍ട്ടി കുടുംബം തകര്‍ത്തവന് ഒപ്പമാണ് നിലകൊള്ളുന്നതെന്നും അങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെര്‍ഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. അതേസമയം വ്യക്തിപരമായ വിഷയത്തിന് അപ്പുറത്തേക്കാണ് പ്രശ്‌നങ്ങളെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാറിനെ വെട്ടിലാക്കുന്ന അവതാരപിറവികളാണ് ഉണ്ടാകുന്നതെന്നാണ് വിമര്‍ശനം.
ബെനാമി ആരോപണങ്ങളില്‍ അടക്കം സര്‍ക്കാറിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ആക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെര്‍ഷാദിനെതിരെ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഷെര്‍ഷാദ് പിബിക്ക് പരാതി നല്‍കിയെന്ന് സ്ഥിരീകരിക്കുന്ന എംവി ഗോവിന്ദന്‍ ചോര്‍ച്ചക്ക് പിന്നില്‍ തന്റെ മകനല്ലെന്നും ഷെര്‍ഷാദ് തന്നെയാണെന്നും നോട്ടീസില്‍ പറയുന്നു.
ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണമെന്നും അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസിലുണ്ട്. പിബിക്ക് നല്‍കിയ കത്ത് എംവി ഗോവിന്ദന്റെ മകന്‍ ചോര്‍ത്തിയെന്നാണ് ആരോപണം. കത്ത് പ്രചരിച്ചതിന് പിന്നില്‍ ഷര്‍ഷാദ് തന്നെയാണെന്നും പരാതി കൊടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുന്നുണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
പിബിക്ക് മുഹമ്മദ് ഷര്‍ഷാദ് അയച്ച കത്ത് പുറത്തായത് വന്‍ വിവാദമായിരിക്കെയാണ് എം വി ഗോവിന്ദന്‍ നിയമനടപടിയിലേക്ക് നീങ്ങിയത്. പിബിക്ക് ഷര്‍ഷാദ് നല്‍കിയ പരാതി ചോര്‍ത്തിയത് തന്റെ മകന്‍ ശ്യാംജിത്ത് ആണെന്ന ആരോപണം തെറ്റാണ്. പിബി അംഗം വഴി പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു അതിന് പിന്നില്‍ ഷര്‍ഷാദ് തന്നെയാണെന്നാണ് വക്കീല്‍ നോട്ടീസില്‍ എംവി ഗോവിന്ദന്‍ പറയുന്നത്. തന്റെ മകന്‍ കത്ത് ചോര്‍ത്തിയെന്ന ആരോപണം പൊതു സമൂഹത്തില്‍ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.
അതിനിടെ ഇപ്പോഴത്തെ കത്ത് വിവാദത്തിന് പിന്നില്‍ കണ്ണൂര്‍ സിപിമ്മിലെ ചേരിപ്പോരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടിയേരിയുടെ വിടവാങ്ങലിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായതും കണ്ണൂരുകാരനായ എം വി ഗോവിന്ദനായിരുന്നു. മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയാവുമെന്നായിരുന്നു കരുതിയിരുന്നത്, അല്ലെങ്കില്‍ ഇപി ജയരാജനും അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചപ്പോള്‍ താത്കാലിക സെക്രട്ടറിയായി അന്നത്തെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ എത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. ഇതോടെയാണ് ഇപി പാര്‍ട്ടിയുമായി അകലുന്നത്.
റിസോര്‍ട്ടിനെതിരെ ആരോപണം അടക്ക എത്തിയപ്പോല്‍ ഇപി ജയരാജന്‍ പ്രതിരോധത്തിലായിരുന്നു. പാര്‍ട്ടിയില്‍ ഏറെക്കുറെ തഴയപ്പെട്ട അവസ്ഥയിലാണ് ഇപി. പാര്‍ട്ടിയുടെ സമുന്നത പദവിയായ പൊളിറ്റ് ബ്യൂറോ അംഗത്വം സ്വപ്നം കണ്ടിരുന്ന ഇപിക്ക് മുന്നണി കണ്‍വീനര്‍ സ്ഥാനവും നഷ്ടമായിരുന്നു. ഇപ്പോല്‍ ഷെര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി ചോര്‍ന്ന വഴിയാണ് ഇപ്പോള്‍ നേതാക്കള്‍ അന്വേഷിക്കുന്നത്. കണ്ണൂര്‍ ജില്ലക്കാരനും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനുമാണ് ചെന്നൈ വ്യവസായി എന്നറിയപ്പെടുന്ന ഷര്‍ഷാദ്. ഇപി തന്നെ വിളിച്ചിരുന്നുവെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയതോടെ കണ്ണൂര്‍ പാര്‍ട്ടിയിലെ അനൈക്യത്തിന്റെ ഭാഗമാണ് വിവാദമാമെന്നായി ആരോപണം.
എംവി ഗോവിന്ദനെതിരെ നടക്കുന്ന നീക്കത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മൗനത്തിലാണ്. ആരോപണ വിധേയനായ രാജേഷ് കൃഷ്ണയുമായുള്ള ബന്ധം, യുകെ പ്രതിനിധിയായി പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്, തുടങ്ങി നിരവധി വിഷയങ്ങളില്‍ നേതൃത്വം മറുപടി പറയേണ്ടിവരും. പാര്‍ട്ടി സെക്രട്ടറിയുമായുള്ള വ്യക്തിപരമായുള്ള അടുപ്പത്തെ രാജേഷ് കൃഷ്ണ ഏതെങ്കിലും തരത്തില്‍ ഉപയോഗിച്ചുവോ എന്നാണ് ഉയരുന്ന പ്രധാന ചര്‍ച്ച. മകനുമായുള്ള അടുപ്പത്തില്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ പറ്റില്ലെങ്കിലും പാര്‍ട്ടിക്ക് നല്‍കിയ പരാതി എങ്ങനെ രാജേഷിന്റെ കൈയ്യില്‍ എത്തിയെന്നതില്‍ നേതൃത്വം മറുപടി പറയേണ്ടിവരും.
മന്ത്രി സജി ചെറിയാന്‍ മാത്രമാണ് പാര്‍ട്ടി സെക്രട്ടറിയെ പൂര്‍ണമായും ന്യായീകരിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.