കണ്ണൂര്‍ : മലപ്പട്ടത്ത് തിരഞ്ഞെടുപ്പിന്റെ മറവില്‍ സി.പി.എം ഭീകരതയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയവര്‍ ആരോപിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മലപ്പട്ടം പഞ്ചായത്ത് കൊവുന്തല വാര്‍ഡില്‍ താന്‍ നല്‍കിയ പത്രിക തള്ളിയത് സി.പി.എം ഭീഷണിയിലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിത്യശ്രീ ആരോപിച്ചു. രണ്ട് ഒപ്പിലും വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പത്രിക തള്ളിയതിന് കാരണമായി പറഞ്ഞത്. താന്‍ തന്നെ പഞ്ചായത്തില്‍ നേരിട്ടെത്തിയാണ് നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടതെന്നും നിത്യ ശ്രീ പറഞ്ഞു. അതു തന്റെ ഒപ്പാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ വളഞ്ഞു നിന്ന സി.പി.എം പ്രവര്‍ത്തകരോട് പറഞ്ഞുവെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

തന്റെ പത്രിക ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സി.പി.എം പ്രവര്‍ത്തകര്‍ തള്ളിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഇതു കാരണമാണ് മത്സരിക്കാന്‍ കഴിയാതെ പോയതെന്നും നിത്യശ്രീ പറഞ്ഞു. ബിരുദധാരിണിയായ തന്റെ പത്രിക തള്ളിയതിനു ശേഷം മടങ്ങുമ്പോള്‍ വിദ്യാഭ്യാസമില്ലെന്ന് വിളിച്ചു ആക്ഷേപിച്ചു. നിരന്തര ഭീഷണി കാരണമാണ് യു.ഡി.എഫിന് രണ്ടു വാര്‍ഡുകളില്‍ പത്രിക നല്‍കാന്‍ കഴിയാഞ്ഞതെന്നും നിത്യ ശ്രീ പറഞ്ഞു.

സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെയും ഭാര്യ പി.കെ ശ്യാമളയുടെയും നേതൃത്വത്തിലാണ് ആന്തൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പിന്‍തുണ നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി അബ്ദുള്‍ റഷീദ് പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സി.പി.എം ചെയ്യുന്നതെന്നും അബ്ദുള്‍ റഷീദ് ആരോപിച്ചു.

അതിനിടെ മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഒപ്പില്‍ വ്യത്യാസമുണ്ടെന്നു പറഞ്ഞ് സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുപ്പു ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് പരാതി നല്‍കി. മലപ്പട്ടം പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളിയ സംഭവത്തിലാണ് പരാതി.

റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പ് തന്റേതു തന്നെയാണെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പത്രിക തള്ളുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പിലാണ് വ്യത്യാസമുള്ളത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പു ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നത് വോട്ടെടുപ്പു പ്രക്രിയയുടെ സുതാര്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുകളിലെ വ്യത്യാസം പ്രകടമാകുന്ന തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.