പാലക്കാട്: കെപിസിസി വൈസ് പ്രസിഡന്‍് വി ടി ബല്‍റാമിന് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംഘപരിവാറിന്റെ മെഗാഫോണാണ് രാജേഷെന്ന വിമര്‍ശനത്തിന് മറുപടിയായാണ് എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. എല്ലാം ന്യായീകരിക്കുന്ന ബല്‍റാമിന്റെ ശൈലി തിരുത്തരുത്, തുടരണമെന്നും എം ബി രാജേഷ് കുറുപ്പില്‍.

ഫേസ്ബുക്കില്‍ സംഘപരിവാറിനെതിരെ ഘോരഘോരം യുദ്ധം ചെയ്യുന്നു എന്നാണ് ബല്‍റാമിന്റെ അവകാശവാദം. ഫേസ്ബുക്ക് ഉണ്ടാകുന്നതിനു മുമ്പേ തുടങ്ങിയതാണ് സംഘപരിവാറിനെതിരായ എന്റെ എഴുത്തും പ്രസംഗവുമെല്ലാം എന്നും എം ബി രാജേഷ് ബല്‍റാമിനെ ഓര്‍മിപ്പിച്ചു. മണ്ണില്‍ ചവുട്ടിനിന്ന് സംഘപരിവാറിനെതിരെ പോരാട്ടം നടത്തുന്നവരാണ് ഞങ്ങള്‍ കമ്യൂണിസ്റ്റുകാറെന്നും എം ബി രാജേഷ് ബല്‍റാമിനെ കുറുപ്പില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ശ്രീ.ബല്‍റാമിന്റെ മറുപടി കണ്ടു. ബലേ ഭേഷ് ! അല്പമെങ്കിലും സ്വയം വിമര്‍ശനം പ്രതീക്ഷിച്ചു.പക്ഷേ ഒരു മാറ്റവുമില്ല. എകെജിയെ നീചമായി അധിക്ഷേപിച്ചത് തക്കതായ പ്രകോപനം മൂലം! തിരുത്താന്‍ ഇപ്പോഴും ദുരഭിമാനം സമ്മതിക്കുന്നില്ല. മീരയെ ''പ്രിയപ്പെട്ട എഴുത്തുകാരി'' എന്ന പരിഹാസം. ഇന്‍വെര്‍ട്ടഡ് കോമയില്‍ ഇട്ടതുകൊണ്ട് മീര മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി അല്ലാതാവുമോ?മുല്ലപ്പള്ളിയെ വിളിച്ചതിനും മൗനം അവിടെയും കുറ്റബോധമില്ല. സുകുമാരന്‍ നായര്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണത്തിനും ന്യായമുണ്ട് കേട്ടോ. നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കെട്ടിച്ചമച്ച നിയമന വിവാദത്തില്‍ വേണ്ടത്ര വ്യക്തിഹത്യ നടത്താന്‍ കഴിയാത്ത 'പരിമിതി'യിലാണ് അദ്ദേഹത്തിന് ഖേദം.

വാളയാര്‍ കുട്ടികളുടെ കാര്യത്തില്‍,തൃത്താലയില്‍ ഉടനീളം വോട്ടു പിടിക്കാന്‍ കൊണ്ടുനടന്നയാളെ കൈവിടാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ. പക്ഷേ അല്പമെങ്കിലും സത്യസന്ധത ബാക്കിയുണ്ടായിരുന്നെങ്കില്‍ ''കുട്ടികള്‍ മരിച്ചിട്ടും സ്ഥലം എംപിയായിരുന്ന രാജേഷ് വീട്ടില്‍ പോയില്ല ' എന്ന് കല്ലുവെച്ച നുണ ഒരു കൂസലുമില്ലാതെ ആവര്‍ത്തിക്കുമോ? പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്ത അങ്ങനെ ഒരു നുണയുടെ സ്രഷ്ടാവ് മുന്‍ ബിജെപി ജില്ലാപ്രസിഡന്റ് ആണ്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കള്ളം ഏറ്റുപിടിച്ച ഒരേയൊരു കോണ്‍ഗ്രസ് നേതാവാണ് ശ്രീ. വി ടി ബല്‍റാം. അതാണ് അന്തര്‍ധാര.

താന്‍ ഫേസ്ബുക്കില്‍ സംഘപരിവാറിനെതിരെ ഘോരഘോരം യുദ്ധം ചെയ്യുന്നു എന്നാണ് അവകാശവാദം.ഫേസ്ബുക്ക് ഉണ്ടാകുന്നതിനു മുമ്പേ തുടങ്ങിയതാണ് സംഘപരിവാറിനെതിരായ എന്റെ എഴുത്തും പ്രസംഗവുമെല്ലാം എന്നുമാത്രം ഓര്‍മിപ്പിക്കട്ടെ. ഫേസ്ബുക്കിലും അതിനു പുറത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ദി വയര്‍ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര പ്രസിദ്ധീകരണങ്ങളിലും മലയാളത്തിലെ എല്ലാ പ്രസിദ്ധീകരണങ്ങളിലും സംഘപരിവാറിനെതിരെ എഴുതിയിട്ടുണ്ട്. പാര്‍ലിമെന്റിലുണ്ടായിരുന്നപ്പോള്‍ നേര്‍ക്കുനേര്‍ തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. എഫ് ബിക്കു പുറത്ത്,തെരുവില്‍,മണ്ണില്‍ ചവുട്ടിനിന്ന് ആ പോരാട്ടം നടത്തുന്നവരാണ് ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍അവര്‍ തന്നെ നിശ്ചയിച്ച മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ പ്രഥമ സ്ഥാനത്തുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നറിയാന്‍ ചരിത്ര ബോധം മതി.തൃത്താലയില്‍ നിന്ന് ജയിച്ച് സ്പീക്കര്‍ ആയിരിക്കുമ്പോഴാണ് മലബാര്‍ കലാപം സംബന്ധിച്ച് എന്റെ പ്രസംഗവും ഔട്ട്‌ലുക്ക് ലേഖനവും സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

ശിവഗിരിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗം വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ എത്ര രോഷം കൊള്ളിച്ചുവെന്ന് ബല്‍റാമിനും അനുയായികള്‍ക്കും മാത്രമേ ഓര്‍മ്മ കാണാതിരിക്കു. ഫേസ്ബുക്ക് കുറിപ്പും ആനുകാലികങ്ങളിലെ ലേഖനങ്ങളും മാത്രമല്ല, സംഘപരിവാറിനെതിരെ പുസ്തകങ്ങളും എന്റേതായുണ്ട് എന്ന് വിനീതമായി ഓര്‍മിപ്പിക്കട്ടെ. ഒന്നിന്റെ പേര്, സംഘപരിവാറും കോര്‍പ്പറേറ്റ് രാഷ്ട്രീയവും എന്നാണ്. ഡിസി പ്രസിദ്ധീകരിച്ച മറ്റൊന്നിന്റെ പേര് നിശബ്ദരായിരിക്കാന്‍ എന്ത് അവകാശം ? എന്നും. പുതിയൊരു പുസ്തകം കൂടി ഉടന്‍ വരാനുണ്ട് എന്നും അറിയിക്കട്ടെ.

രക്തസാക്ഷിയായ ഗൗരി ലങ്കേഷിനെ കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി എഴുതിയ പുസ്തകത്തില്‍ സംഘപരിവാറിനെതിരായ എന്റെ നിലപാടുകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചതും ഓര്‍മിപ്പിക്കട്ടെ. ഇതുകൊണ്ടൊക്കെയാണല്ലോ സംഘപരിവാര്‍ ട്രോള്‍ ആര്‍മി എനിക്ക് ഒരു ഓമനപ്പേര് ചാര്‍ത്തിതന്നതും ബല്‍റാം സേന അവര്‍ക്കൊപ്പം എന്നെ അധിക്ഷേപിക്കാന്‍ അതേ പേര് തന്നെ ഉപയോഗിക്കുന്നതും. ഇവര്‍ ഇരു കൂട്ടരും ഒരേ താളത്തില്‍ കോറസ്സായി ആ അധിക്ഷേപ പേര് വിളിച്ച് എന്റെ രാഷ്ട്രീയ ശരി അംഗീകരിക്കുന്നത് ഒരു ബഹുമതിയാണ്.സവര്‍ണ്ണ പ്രമാണിമാര്‍ സഹോദരനയ്യപ്പനെ പുലയനയ്യപ്പന്‍ എന്ന് വിളിച്ചതുപോലൊരു വിളിയായാണ് നിങ്ങളുടെ ആ വിളിയെ കണക്കാക്കുന്നത്.

സംഘപരിവാറിനെ മുഖ്യമായി എതിര്‍ക്കുമ്പോഴും എല്ലാ വര്‍ഗ്ഗീയതയുടേയും ആപത്തും ഞാന്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവര്‍ക്ക് എന്നോടുള്ള വിരോധത്തിന്റെ കാരണം അതാണ്.ബല്‍റാമും ഞാനുമായുള്ള പ്രധാന വ്യത്യാസവും അതാണ്.ഇത്രയൊക്കെ ഓര്‍മ്മിപ്പിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ തെറ്റായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടാണ്.

പിന്നെ,അനുരാഗ് താക്കൂറുമായി പാര്‍ലിമെന്റിലുള്ളപ്പോഴത്തെ പരിചയത്തെക്കുറിച്ച് പിന്നീട് എഴുതിയത് രാഹുല്‍ ഗാന്ധി ഒരിക്കല്‍ നരേന്ദ്രമോദിയെ ആശ്ലേഷിച്ചതുപോലെയൊരു തെറ്റായി എന്ന് ഞാന്‍ പരസ്യമായി നേരത്തേ പറഞ്ഞിട്ടുള്ളതാണ്.

ദുരഭിമാനമൊട്ടുമില്ലാതെ.നോട്ട് നിരോധനത്തെ ചാടി വീണ് പിന്തുണച്ചതിലും നരേന്ദ്ര മോദിയുടെ കള്ളപ്പണ വേട്ടയ്ക്ക് കയ്യടിച്ചതിലും തെറ്റുപറ്റിയെന്ന് എനിക്കുള്ള മറുപടിയിലെങ്കിലും ശ്രീ.ബല്‍റാം സമ്മതിച്ചിട്ടുണ്ടോ?ഇല്ലേയില്ല! ആ കയ്യടി പിന്‍വലിക്കണ്ട.നരേന്ദ്ര മോദിക്കു തന്നെയിരിക്കട്ടെ.ശ്രീ.ബല്‍റാം എല്ലാം ന്യായീകരിക്കുന്ന ശൈലിയും തിരുത്തരുത്.ഇങ്ങനെ തന്നെ മുന്നോട്ടു പോവുക.