- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിൻ; നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രയേലിലേക്ക് പോയത് ജ്യോതിബസുവെന്ന് സതീശൻ; നടക്കുന്നത് രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തലയും; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നേതാക്കളുടെ വാക്കുകൾ
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടുകളിലെ വൈരൂദ്ധ്യം ചൂണ്ടിക്കാട്ടി നേതാക്കൾ. സ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രയേലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്നും സതീശൻ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുദ്ധം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കി.ആർക്കും സംശയം വേണ്ട, കോൺഗ്രസ് പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനൊപ്പം എന്നും കോൺഗ്രസും ഇന്ത്യൻ സർക്കാറും ഒപ്പമുണ്ടായിരുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഗാന്ധിജിയാണ് ഫലസ്തീൻ നയം രൂപപ്പെടുത്തി കോൺഗ്രസിന് നൽകിയത്. നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോൺഗ്രസ് ശക്തമായ നിലപാടെടുക്കും. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണ് ഫലസ്തീനിന്റെത്. ഇന്ദിരാഗാന്ധിയും ഫലസ്തീനുമായുള്ള ബന്ധം നമുക്കറിയാം.
അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്തയായ സഹോദരിയും മകളുമൊക്കെയായാണ് ഇന്ദിരയെ അവർ വിശേഷിപ്പിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. അറാഫത്തിനെ ഫലസ്തീന്റെ ഭരണത്തലവനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയയ്ക്കാൻ ധൈര്യപ്പെടാത്ത കാലത്ത് ഫലസ്തീനിലേക്ക് അംബാസഡറെ അയയ്ക്കാൻ ധൈര്യം കാണിച്ച രാജ്യം കോൺഗ്രസിന്റെ ഇന്ത്യയായിരുന്നു.
അമേരിക്കയേക്കാൾ മുമ്പിൽ നരേന്ദ്ര മോദി ഇസ്രയേലിന് പിന്തുണ അറിയിച്ചു. എന്താണ് മോദിക്ക് ഇസ്രയേലിനോട് ഇത്ര മമത. ഐക്യരാഷ്ട്ര സഭയിൽ യുദ്ധം നിർത്തണമെന്ന് ഒരു പ്രമേയം വന്നപ്പോളും ഇന്ത്യ അതിനെ പിന്തുണച്ചില്ല. നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാൾ വംശീയതയും മറ്റേയാൾ സയണിസവുമാണ് മുന്നോട്ടുവെക്കുന്നത്. കോൺഗ്രസിന് ഒരേയൊരു നയമേ ഉള്ളൂ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലർ ഇവിടെ ഉണ്ട്. കോൺഗ്രസ് ചൈനയ്ക്ക് മുമ്പിലും അമേരിക്കയ്ക്ക് മുമ്പിലും കവാത്ത് മറക്കില്ല, വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു .ശശി തരൂർ, എം എം ഹസൻ,പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ, കെ മുരളീധരൻ, മുസ്ലിം സംഘടനാ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, പി.മുജീബ് റഹ്മാൻ, ടി.പി.അബ്ദുള്ളക്കോയ മദനി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് ഡെസ്ക്