- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണം ചൂട് പിടിച്ചതോടെ സണ്ണി ജോസഫിന് തിരക്ക്; കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം.ഹസന്; കെ.സിയുടെ വിശ്വസ്തന് പി.എം.നിയാസിന് വാര്‍ റൂം ചുമതല
കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം.ഹസന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എം.എം. ഹസ്സന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനലും നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ ക്രമീകരണം.
തിരഞ്ഞെടുപ്പ് വാര്‍ റൂം ചുമതല കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസിനാണ്. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി മേല്‍നോട്ടം വഹിക്കും. തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു നേതാവ് വേണമെന്ന പാര്‍ട്ടിയിലെ പൊതുവികാരമാണ് എം.എം. ഹസ്സന് അനുകൂലമായത്. ആദ്യഘട്ടത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നീ എംപിമാരുടെ പേരുകള്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ മണ്ഡലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് മുതിര്‍ന്ന നേതാവായ ഹസ്സനെ തന്നെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ മത്സരിച്ചപ്പോഴും ഹസ്സനായിരുന്നു താല്‍ക്കാലിക ചുമതല. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ വരുംദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും.
വാര്‍ റൂം നിയന്ത്രണം പി.എം. നിയാസിന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാഡീകേന്ദ്രമായ 'വാര്‍ റൂമി'ന്റെ ചുമതല കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ പി.എം. നിയാസിനെ ഏല്‍പ്പിച്ചു. താരപ്രചാരകരുടെ സന്ദര്‍ശനം, സംസ്ഥാന നേതാക്കളുടെ പര്യടനം, പ്രചാരണ പരിപാടികളുടെ ഏകോപനം എന്നിവ ഇനി നിയാസിന്റെ നേതൃത്വത്തിലാകും നടക്കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും.


