തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് യുഡിഎഫും ബിജെപിയും എസ്‌യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എല്ലാം ഉള്‍പ്പെടുന്ന മഴവില്‍ സഖ്യം നടത്തുന്ന സമരത്തെ തുറന്നുകാണിക്കുകയാണ് സിപിഐ എം എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമരം നടത്താനുള്ള അവകാശം ജനാധിപത്യപരമാണ്. ആ സമരങ്ങളെ ആരും എതിര്‍ക്കുന്നില്ല. പക്ഷേ സമരം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് പാര്‍ടിക്ക് കൃത്യമായി അറിയാം. അത് ഇടതുപക്ഷ വിരുദ്ധ സമരമാക്കി രൂപപ്പെടുത്താനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും അതിന്റെ പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെുടുത്തി.

ഒരു മഴവില്‍ സഖ്യം തന്നെ ഇവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെല്ലാം തന്നെ അതിന്റെ ഭാഗമായി നില്‍ക്കുകയാണ്. ആ സമരത്തെ ജനാധിപത്യപരമായി തന്നെയാണ് കാണുന്നത്. പക്ഷേ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ നിങ്ങളെല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ രീതിയെ ഞങ്ങള്‍ തുറന്നുകാണിക്കുകയാണ്. എല്ലാവരും ചേര്‍ന്നുകൊണ്ടാണ് ഈ സമരത്തെ ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യവ്യാപകമായി നടക്കുന്നതിന്റെ ഭാഗമായുള്ളതാണ്. ഇതിനെ കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്ര പദ്ധതിയുടെ ഭാഗമാണിത്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവുമധികം തുക ഹോണറേറിയം ലഭിക്കുന്നത് എന്നതും വസ്തുതയാണ്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ നിലവില്‍ സമരത്തെ നയിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ ശക്തികളാണ്. അതിനെ സിപിഐ എം തുറന്നുകാട്ടുന്നുണ്ട്.

ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം മാധ്യമങ്ങളെല്ലാം കൂടി കെട്ടിച്ചമച്ച വാര്‍ത്തയാണ്. മാധ്യമ സൃഷ്ടിയാണ് പല വാര്‍ത്തകളും. ചര്‍ച്ചയ്ക്കാണ് പോയതെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വാര്‍ത്ത മുമ്പേ തന്നേ കൊടുത്തു. പോകുന്നതിന് മുമ്പ് തന്നെ മന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. പക്ഷേ സമയമുണ്ടായിട്ടും കാണാന്‍ കേന്ദ്രമന്ത്രി ശ്രമിച്ചില്ല. പക്ഷേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് കാണാതെ വന്നു എന്ന തരത്തിലാണ്. ഇത്തരത്തില്‍ നെഗറ്റീവ് വാര്‍ത്തകളുണ്ടാക്കാനാണ് മാധ്യമങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാണാന്‍ കൂട്ടാക്കാത്ത മന്ത്രിയെപ്പറ്റി വിമര്‍ശനമില്ല, സംസ്ഥാന മന്ത്രിക്കാണ് പഴി മുഴുവനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.