തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം പാര്‍ട്ടി സമ്മേളനത്തില്‍ വിശദീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപിയെ നീക്കിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കാരണം കൊണ്ടാണ് തുറന്ന് പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി. തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കിയെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇപിയെ മാറ്റിയതോ സ്വയം മാറിയതോ എന്ന കാര്യം പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ തുറന്ന് പറച്ചില്‍. പ്രവര്‍ത്തന രംഗത്ത് പോരായ്മ ഉണ്ടായിരുന്നു. അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ഇപി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം.

ഇ.പി. ജയരാജനും പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് വലിയ തലവേദനയായിരുന്നു. ഇ.പിക്കെതിരെ നടപടിയുണ്ടാകുമെന്നു തന്നെ എം.വി. ഗോവിന്ദന്‍ ആ സമയത്ത് സൂചന നല്‍കിയിരുന്നു. ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന സാഹചര്യത്തിലും ഇ.പി. ജയരാജനെതിരെയുള്ള നടപടി അടഞ്ഞ അധ്യായം അല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി. അതിനു പിന്നാലെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

മംഗലപുരം ഏര്യാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപി പാളയത്തിലെത്തിയ സംഭവത്തില്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനവും പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ഉണ്ടായി. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയിരുന്നെങ്കില്‍ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നു. പുതിയ പാര്‍ട്ടി സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാന്‍ വന്നത് പണപ്പെട്ടിയും വിദേശ വസ്ത്രങ്ങളും വിലകൂടി സ്‌പ്രേയുമൊക്കെയായാണ്. ലോഡ്ജ് നടത്തിപ്പ് ക്രമക്കേട് അടക്കം പലവിധ പരാതികള്‍ എത്തിയിട്ടും പരിഹരിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

എംഎല്‍എമാരായ ജി സ്റ്റീഫന്‍, ഒഎസ് അംബിക, വികെ പ്രശാന്ത് എന്നിവരും മേയര്‍ ആര്യാ രാജേന്ദ്രനും അടക്കം എട്ട് പേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. സമ്മേളനത്തിലൂടെ നീളം വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും ജില്ലാ കമ്മിറ്റി പ്രവേശനം ആര്യക്ക് നേട്ടമായി. ആനാവൂര്‍ നാഗപ്പനും എഎ റഹീമും എഎ റിഷീദും അടക്കം എട്ട് പേര്‍ ഒഴിവാകുകയും ചെയ്തു.