- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ല; അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍; അന്‍വറിന്റേത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് എ കെ ബാലനും
പി വി അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ല
സുല്‍ത്താന്‍ ബത്തേരി: പി.വി. അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്‍വറിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല. അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി വി അന്‍വറിനെ പരിഹസിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലനും രംഗത്തുവന്നു.
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്നൊരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ ചേക്കേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുല്ല് പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ ചേക്കേറിയത്. അന്‍വറിന്റേത് രാഷ്ട്രിയ ആത്മഹത്യയാണെന്നും എ കെ ബാലന്‍ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ രാജി. അന്‍വര്‍ എന്തിനാണ് എല്‍ഡിഎഫ് വിട്ടതെന്ന് ചോദിച്ച ബാലന്‍ ഈ മാറ്റം അന്‍വറിന് ഗുണമുണ്ടാക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ പരാതിയില്‍ മൂന്ന് കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എല്‍ഡിഎഫിന് ഇതൊന്നും പ്രതിസന്ധിയുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്നും അന്‍വര്‍ വ്യക്തമാക്കി.
എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും ഇന്‍ഡ്യാ സഖ്യവുമായി ചര്‍ച്ച ചെയ്യാമെന്നും മമത ഉറപ്പ് നല്‍കിയതായി അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.