തിരുവനന്തപുരം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ പരാതി പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഗോവിന്ദന്‍ രംഗത്തു വന്നത്. മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസ് എന്ന് അന്‍വര്‍ പ്രചരിപ്പിക്കുകയാണ്. എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പി ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ കാതലായ പ്രശ്‌നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പരാതിയില്‍ പി ശശിയെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം മാത്രമേയുള്ളൂ. റിയാസിന് എതിരായും തെറ്റായ പ്രചാരണം നടക്കുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ല എന്ന അന്‍വറിന്റെ ആരോപണം പച്ചക്കളളമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. റിയാസ് ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എംഎല്‍എ ആയതും പിന്നീട് മന്ത്രിയായതും. മലപ്പുറം ജില്ലാ സെക്രട്ടറിക്ക് എതിരായ അന്‍വറിന്റെ വിമര്‍ശനത്തിന് പിന്നില്‍ ദുഷ്ടലാക്കാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി നേതാവ് ആരിഫ് അലി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്തിനായിരുന്നു ആ ചര്‍ച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിക്ക് പരിശോധിക്കാന്‍ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലീഗും എസ്ഡിപിഐയും തമ്മില്‍ ഐക്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്.

ന്യൂനപക്ഷത്തെ തീവ്രവാദത്തിലേക്ക് നയിക്കാനുളള എസ്ഡിപിഐ ശ്രമത്തിന് ലീഗ് പിന്തുണയുണ്ട്. ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ മാധ്യമ പ്രചാരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാധ്യമങ്ങളുടെ കള്ള പ്രചാര വേലയെ പാര്‍ട്ടി പ്രതിരോധിക്കും. തെറ്റായ ഒരു നിലപാടിനെയും വെച്ച് പൊറുപ്പിക്കില്ല. അത് വെറുതെ പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഭ്യന്തരത്തില്‍ മികച്ച ഇടപെടല്‍ പിണറായി സര്‍ക്കാര്‍ നടത്തി. ദുരന്തത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് വലുതാണ്. സ്വര്‍ണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറി. അങ്ങനെ വരുമ്പോള്‍ പൊലീസിന് ഇടപെടാതിരിക്കാന്‍ കഴിയില്ല. നിരവധി സ്വര്‍ണം പിടിച്ചു. ആ ദൗത്യമാണ് പൊലീസ് നിര്‍വഹിച്ചു വന്നത്.

ഇതിന് എതിരെയാണ് അന്‍വര്‍ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്. കുറ്റക്കാര്‍ എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി ഉണ്ടാകും. എം ആര്‍ അജിത് കുമാറിന് എതിരെ ആരോപണം വന്നു. ഒരു മാസം അന്വേഷണത്തിന് സമയം നല്‍കി. അക്കാര്യത്തില്‍ ഫലപ്രദമായി നടപടി സ്വീകരിക്കും. സര്‍ക്കാരിന് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം വന്നാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ല. അത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്വഴക്കമാണ്. എന്നാല്‍ ഏത് ഉന്നത ഉദ്യോഗസ്ഥന്‍ ആയാലും തെറ്റു കണ്ടെത്തിയാല്‍ കര്‍ക്കശമായ നടപടിയെടുക്കും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന് പി ആര്‍ സംവിധാനമില്ല. ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ദേവകുമാറിന്റെ മകനുമായി എല്ലാവര്‍ക്കും ബന്ധമുണ്ട്. ആ ബന്ധം കൊണ്ടാണ് അഭിമുഖം ചെയ്തതെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ചിരിയെച്ചൊല്ലിയും പരിഹാസമാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. മുമ്പ് പിണറായി ചിരിക്കുന്നില്ല എന്നായിരുന്നു. ഇപ്പോള്‍ എന്തൊരു ചിരിയാണിത് എന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.