കണ്ണൂര്‍: പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ പൂര്‍ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ക്ഷുഭിതനായി എം വി ഗോവിന്ദന്റെ പ്രതികരണം.

'സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നിങ്ങള്‍ ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ടയെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. മറ്റു ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ അദ്ദേഹം തിരക്കിട്ട് കാറില്‍ കയറിപ്പോയി.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തിയപ്പോഴാണ് മാധ്യമങ്ങള്‍ ഈ വിവാദത്തില്‍ എം.വി ഗോവിന്ദന്റെ പ്രതികരണം തേടിയത്. എന്നാല്‍ വിവാദങ്ങള്‍ മാധ്യമങ്ങള്‍ തന്നെ ഉണ്ടാക്കിയതാണെന്നും അതിന് താന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം വി ഗോവിന്ദന്‍ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നും എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എം.വി ഗോവിന്ദനോ മറ്റു നേതാക്കളോ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ലെന്നാണ് വിവരം.