കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍ എം ടി വാസുദേവന്‍ നായര്‍ തയ്യാറായില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ടി പി വധവുമായി ബന്ധപ്പെട്ട് എഴുത്തുകാര്‍ പലരും സി.പി.എമ്മിനെ കുറ്റപ്പെടുത്തി നടത്തിയ ഒപ്പുശേഖരണത്തില്‍ എം.ടി വാസുദേവന്‍ നായര്‍ ഒപ്പിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'എം.ടി: ഒരു രാഷ്ട്രീയ വായന' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദന്‍.

സി.പി.എമ്മിനെ കുറ്റപ്പെടുത്തി എഴുത്തുകാര്‍ ഒപ്പ് ശേഖരിച്ച് പത്രങ്ങള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. ഓരോരുത്തരെയും പോയി കണ്ട് ഒപ്പ് ശേഖരിച്ചു. നിരവധി പേര്‍ ഒപ്പിട്ടു. എം.ടിയുടെ അടുത്ത് പോയിരുന്നെങ്കിലും ഒപ്പിട്ടില്ല. സി.പി.എമ്മിനെതിരായ വിമര്‍ശനമുണ്ടാകും. എന്നാല്‍, സി.പി.എമ്മില്ലാത്ത കേരളത്തെ ചിന്തിക്കാനാവില്ല എന്നായിരുന്നു എം.ടിയുടെ മറുപടിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാത്തയാളായിരുന്നില്ല എം.ടി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനെപ്പോലെയാണ് എക്കാലവും നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചേല്‍പിക്കപ്പെടുന്ന ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും സ്വയം എരിഞ്ഞുതീരുന്ന മനുഷ്യരെ ആദര്‍ശാത്മകമായി ചിത്രീകരിക്കുന്ന മതരാഷ്ട്ര വാദികളാണ് എം.ടിയെ വിമര്‍ശിക്കുന്നതെന്നും അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നിലപാടുകളില്‍ ഉറച്ചുനിന്ന് ശക്തമായി മുന്നോട്ടുപോകാന്‍ ശേഷി കാണിച്ച എഴുത്തുകാരനായിരുന്നു എം.ടി. ജനപക്ഷത്തുനിന്ന് പൊരുതുന്നവര്‍ക്ക് ഊര്‍ജമായിരുന്നു ആ വാക്കുകള്‍.

കേന്ദ്രസാഹിത്യ അക്കാദമിയെ കാവിവത്കരണത്തില്‍നിന്ന് സംരക്ഷിക്കാനുള്ള മഹാപ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നിലയുറപ്പിച്ച എം.ടി തുഞ്ചന്‍ പറമ്പിനെ മതനിരപേക്ഷതയുടെ ലോകമായി നിലനിര്‍ത്തുന്നതിനും നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.