തൊടുപുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സോഷ്യലിസത്തിലേക്കുള്ള വഴിയാണെന്ന മുന്‍ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദന്‍. എ.ഐ സംവിധാനം വഴി ഉല്‍പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളില്‍ കുന്നുകൂടുമെന്നും ഇത് ചൂഷണത്തിന് വഴിവെക്കുമെന്നും അദ്ദേഹം വ്യ്ക്തമാക്കി. ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ തിരുത്തല്‍. എ.ഐ സംവിധാനം വഴി ഉല്‍പാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണെന്നും തൊഴിലില്ലായ്മ ഉള്‍പ്പെടെ വലിയ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''എ.ഐ സംവിധാനം ഇപ്പോള്‍ ലോകത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എ.ഐ സംവിധാനം വഴി ഉല്‍പാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണ്. ചൈന പോലെയുള്ള രാജ്യങ്ങളില്‍ ഒരുപരിധി വരെ അത് രാജ്യത്തിന്റെ സമ്പത്തായി മാറും. എന്നാല്‍ മുതലാളിത്ത സമൂഹത്തില്‍ ആ സമ്പത്ത് മുഴുവന്‍ കുന്നുകൂടി കുത്തകകളുടെ കൈയില്‍ എത്തിച്ചേരും. തൊഴിലില്ലായ്മ ഉള്‍പ്പെടെ വലിയ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും. മനുഷ്യകുലത്തെ ഒന്നായി മുന്നോട്ടുനയിക്കുന്നതിനെ തടസപ്പെടുത്തുന്ന ഒന്നാണിത്'' -എം.വി ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ എ.ഐ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ പറഞ്ഞിരുന്നു. ''എ.ഐ മൂത്തുമൂത്ത് വന്നാല്‍ മാര്‍ക്‌സിസത്തിന് എന്താ പ്രസക്തിയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അവിടെയും മാര്‍ക്‌സിസത്തിനാണ് പ്രസക്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാണിക്കാണിക്കുന്ന മുതലാളിത്തത്തിന്റെ പ്രധാന പ്രശ്‌നം, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതുമാണ്. വിവിധ തലങ്ങളില്‍ പ്രയോഗിച്ച് മുന്നോട്ടുവന്നാല്‍ 60 ശതമാനം ആളുകളുടെ ജോലി എ.ഐ ചെയ്യും.

അടുത്തിടെ എന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം ബീച്ചിലെ പാറയിലിരിക്കുന്ന ചിത്രം, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലേക്ക് എ.ഐയുടെ സഹായത്തോടെ മാറ്റുന്നതു കണ്ടു. എന്താകും ഫലം. ഡിസൈനര്‍മാരുടെ പണി പോയില്ലേ ചിത്രം വരക്കാനും സിനിമ നിര്‍മിക്കാനുമെല്ലാം എ.ഐക്ക് കഴിയും. അതും സുഹൃത്തുക്കള്‍ കാണിച്ചുതന്നിട്ടുണ്ട്. 60 ശതമാനം അധ്വാനശേഷി എ.ഐക്ക് ഏറ്റെടുക്കാനാകും.

മാര്‍ക്‌സ് സമ്പത്ത് കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന അന്തരമാണ് പറഞ്ഞത്. എന്നാല്‍ എ.ഐ സമ്പത്തിന്റെ വിഭജനത്തിന് കാരണമാകുന്നു. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോള്‍ എ.ഐ മൂത്താല്‍ അത് സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ചയാണ്. ഒരു സംശയവും വേണ്ട'' -എന്നിങ്ങനെയായിരുന്നു പരാമര്‍ശം.

ഇതില്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായും ട്രോളും പ്രചരിച്ചു. നുഷ്യന്റെ അധ്വാനത്തിന്റെ 60 ശതമാനവും എ.ഐ കീഴടക്കുകയും അതുവഴി തൊഴില്‍കുറയുമെന്നും പറയുന്നയാള്‍തന്നെ, അത്തരമൊരു സാഹചര്യം സമത്വമുണ്ടാക്കുമെന്ന് നിരീക്ഷിക്കുന്നത് എങ്ങനെയെന്നാണ് പ്രധാന വിമര്‍ശനം. പണ്ട് ട്രാക്ടറും കമ്പ്യൂട്ടറും എതിര്‍ത്തതില്‍നിന്ന് വ്യത്യസ്തമായി എ.ഐയെ പോസിറ്റിവ് ആയി കണ്ടതില്‍ ചിലര്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് തിരുത്തി പാര്‍ട്ടി സെക്രട്ടറി രംഗത്തുവന്നത്.