കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വീണ്ടും പ്രതികരണവുമായി രംഗത്തുവന്നതോടെ വെട്ടിലായത് സിപിഎം. വിഷയത്തിൽ ചർച്ചകൾ നീണ്ടും പോകുന്ന അവസ്ഥയിൽ ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്ന യാതൊരു വാദങ്ങളും കൈയിൽ ഇല്ലാതിരിക്കയാണ് സിപിഎം. നേതാക്കൾ തോന്നുന്നതു പോലെ ഓരോ കാര്യങ്ങളും പറയുന്നുണ്ട് എന്നത് ഒഴിച്ചാൽ വീണയുടെ ഭാഗം ന്യായീകരിക്കുന്ന ഒരു തെളിവുകളും പുറത്തുവന്നിട്ടില്ല. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് ആകട്ടെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഓടി ഒളിക്കുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി ആകട്ടെ സമ്പൂർണ മൗനത്തിലും.

വിഷയത്തിൽ ഇന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരണത്തിന് തയ്യാരായില്ല. വിഷയത്തിൽ മൗനം പുലർത്തുന്നതാണ് ഉചിതമെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടിയാമ് യെച്ചൂരി പ്രതികരണത്തിന് മുതിരാത്തതും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരായ ഐജിഎസ്ടി ആരോപണത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനു മാത്യു മറുപടി നൽകി. എ കെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത കുഴൽനാടൻ വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാൽ മുതിർന്ന നേതാവായ എ.കെ.ബാലൻ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ, ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും മാത്യു കുഴൽനാടൻ തയാറാകുമോ എന്ന ബാലന്റെ വെല്ലുവിളിക്കാണ് കുഴൽനാടന്റെ മറുചോദ്യം. ''സിഎംആർഎൽ കമ്പനിയിൽനിന്നും വീണയും എക്‌സാലോജിക് സൊല്യൂഷൻസും കൈപ്പറ്റിയ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചിട്ടില്ലെന്ന തെളിയിച്ചാൽ, മുതിർന്ന നേതാവായ എ.കെ.ബാലൻ എന്തു ചെയ്യും? പിണറായി വിജയനോ എ.കെ.ബാലനോ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്നു പറയാൻ ഞാൻ ആളല്ല. അത്രയും വലിയ നേതാക്കളോട് ആവശ്യപ്പെടില്ല. നിങ്ങൾ ഐജിഎസ്ടിയുടെ കണക്ക് പുറത്തുവിടാൻ ഞാൻ കാത്തിരിക്കുകയാണ്. എത്ര ദിവസം കാത്തിരിക്കണമെന്ന് അറിയില്ല.'' കുഴൽനാടൻ വ്യക്തമാക്കി.

താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ തയാറാണെന്നും കുഴൽനാടൻ പറഞ്ഞു. ''ഞാനൊരു തുടക്കക്കാരനാണ്. ഇപ്പോഴേ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്നു പറയുന്നത് കൂടിയ വെല്ലുവിളിയാണ്. പക്ഷേ രണ്ടാമതൊരു ഓപ്ഷനുണ്ടായിരുന്നു. മാപ്പ് പറയുമോ എന്നായിരുന്നു ചോദ്യം. ഞാൻ ആദ്യം ആവശ്യപ്പെട്ടത് വീണ തന്നെ അല്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണക്കുകൾ പുറത്തുവിടട്ടെ എന്നാണ്.

ഞാൻ മൂന്നു ദിവസം കാത്തിരുന്നു. എനിക്ക് കിട്ടിയ വിവരങ്ങൾ, ഉത്തരങ്ങൾ അനുസരിച്ച് 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടിച്ചിട്ടില്ല. അതു തന്നെ ഇപ്പോഴത്തെയും എന്റെ ഉത്തമ ബോധ്യവും വിശ്വാസവും. പക്ഷേ മനുഷ്യനാണ്, സ്വാഭാവികമായും തെറ്റു പറ്റാം. എന്റെ വസ്തുതകൾ തെറ്റാണെന്ന് തെളിയിച്ചാൽ പൊതുസമൂഹത്തിനു മുന്നിൽ അത് ഏറ്റു പറയും. വീണയെ പോലെ ഒരു സംരംഭകയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ അവരോടു മാപ്പു പറയാനും എനിക്ക് മടിയില്ല.'' കുഴൽനാടൻ പറഞ്ഞു.

സിപിഎം സെക്രട്ടേറിയറ്റ് സുതാര്യമാണെന്ന് പറയുന്ന ഇടപാടിന്റെ ആ തീയതിയിലുള്ള ഉള്ള ഇൻവോയ്‌സ് പുറത്തുവിടാൻ തയാറാകണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. കർത്തയുടെ കമ്പനിയിൽനിന്നു വാങ്ങിയ പണത്തിന് ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ പുറത്തുവിടണം. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.