ആലപ്പുഴ: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. കേരളത്തിന്റെ മതസൗഹാർദം തകർത്ത് വോട്ട് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും സജി ചെറിയാൻ പറഞ്ഞു.

വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടോയെന്ന് മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മനസ്സിലാകുമെന്നും, ലീഗിന്റെ വർഗീയ രാഷ്ട്രീയം ആരും തിരിച്ചറിയുന്നില്ലെന്ന് കരുതരുതെന്നും സജി ചെറിയാൻ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയം വർഗീയത പടർത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ മറ്റൊരാളും നടത്താത്ത രീതിയിലുള്ള മതസ്പർദ്ധ വളർത്തുന്ന പരാമർശമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി. 'ഷാൾ പുതപ്പിച്ചെന്ന' പരാമർശം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ ഉദ്ദേശിച്ചാണോ എന്ന് തനിക്കറിയില്ലെന്നും, പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളെ കേരളം തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ താൻ തെറ്റായിട്ടൊന്നും കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഹകരണം സി.പി.എമ്മിന്റെ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും, സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരാണെന്നും സജി ചെറിയാൻ പറഞ്ഞു.