തിരുവനന്തപുരം: മുനമ്പം വിഷയത്തെ ചൊല്ലി യുഡിഎഫില്‍ പ്രതിസന്ധി. തെരഞ്ഞെടുപ്പു കാലം കഴിഞ്ഞതോടെ മുനമ്പം വിഷയത്തില്‍ യുഡിഎഫ് വഖഫ് ആവശ്യം ശക്തമാക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതോടെ വിഷയം രമ്യമായി പരിഹരിക്കാന്‍ രംഗത്തിറങ്ങിയ മുസ്ലിംലീഗും പ്രതിസന്ധിയിലായി. ലീഗില്‍ തന്നെ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം രൂപംകൊണ്ടതോടെയാണ് യുഡിഎഫിലും പ്രതിസന്ധിയായത്. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി മുനമ്പം ഭൂമി വഖഫിന്റേതാണ് എന്ന് പറയാതെയാണ് സമവായ ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ മുനമ്പം വഖഫ് തന്നെയാണെന്ന് സമര്‍ഥിക്കാന്‍ ലീഗിലെ മറുവിഭാഗം രംഗത്തെത്തി. കെ എം ഷാജി തുടക്കമിട്ട വിഷയത്തില്‍ മുനീറും ഇ ടി മുഹമ്മദ് ബഷീറും വഖഫ് തന്നെയെന്ന നിലപാടെടുത്തു. ഇവരുടെ പരസ്യ നിലപാടോടെ ലീഗ് നേതൃത്വമാണ് വെട്ടിലായത്.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ പൂര്‍ണായും തള്ളിക്കൊണ്ടാണ് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തുവന്നത്. വഖഫിന്റെ രേഖകള്‍ ഉണ്ടെന്നും അതില്‍ തര്‍ക്കമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖ്ഫ് ഭൂമിയല്ലെന്നത് ശരിയല്ല. വഖ്ഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹരിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തള്ളി നേരത്തെ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും രംഗത്തെത്തിയിരുന്നു. മുനമ്പം വഖ്ഫ് ഭൂമിയാണെന്ന നിലപാട് ഷാജി ആവര്‍ത്തിച്ചു. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയായിരുന്നു ഷാജിയുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവെച്ചു. മുനമ്പം വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണം. അതിന് സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതാണ് മുസ്ലിംലീഗിന്റെ നിലപാട്. അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും പാണക്കാട് തങ്ങള്‍ വ്യക്തമാക്കി.

അതേസമയം മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിംസംഘടനകള്‍ക്കും ലീഗിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം സംബന്ധിച്ച് ചര്‍ച്ചകളിലേക്ക് പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞാലും ഇല്ലെങ്കിലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം.ഷാജിയുടെ പ്രതികരണത്തേയും ലീഗ് നേതൃത്വം തള്ളി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യപ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് വന്ന കെഎം ഷാജി, പാണക്കാട് തങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗും കോണ്‍ഗ്രസും കൂടുതല്‍ പ്രതിരോധത്തിലായത്. പിന്നാലെയാണ് മുതിര്‍ന്ന നേതാവായ ഇ ടി മുഹമ്മദ് ബഷീറും ഷാജിയെ പിന്തുണച്ച് രംഗത്ത് വന്നത്.

വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇതുവരെ നടത്തിയത്. എന്നാല്‍ സമുദായ സംഘടനകള്‍ ഉന്നയിച്ച വാദം കണക്കിലെടുത്ത് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും രംഗത്ത് വന്നതോടെ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുത്ത പാര്‍ട്ടി അധ്യക്ഷനും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി. വിഷയത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത ഇല്ലെന്നാണ് അവരുടെ വിശദീകരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയ വാദത്തെ തള്ളിയാണ് ഇ ടിയും കെ എം ഷാജിയും എം കെ മുനീറും അടക്കം നേതാക്കള്‍ രംഗത്ത് വന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തള്ളാതെയാണ് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും സമവായ ചര്‍ച്ചകള്‍ നടത്തിയത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ മുന്നോട്ട് വെച്ച ഒത്തു തീര്‍പ്പ് സാധ്യതക്കും സമുദായ സൗഹൃദത്തിനും തുരങ്കം വെക്കുന്നതാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്.

ലീഗിനുള്ളിലെ തര്‍ക്കങ്ങള്‍ ഫലത്തില്‍ ബിജെപിക്ക് അനുകൂലമാണ്. അവസരം മുതലെടുക്കാന്‍ നില്‍ക്കുന്ന ഇത്തരക്കാര്‍ ലീഗിന്റെ നിലപാട് മാറ്റവും ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിന്റെ പേരില്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ചാല്‍ അത് ഭാവിയില്‍ മറ്റു വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം ചോദ്യം ചെയ്യുന്നതില്‍ തടസ്സമാകുമെന്ന നിലപാടാണ് ലീഗില്‍ ഒരു വിഭാഗത്തിനുള്ളത്.

അതേസമയം മുനമ്പം വിഷയം കൂടുതല്‍ സജീവമാക്കനാണ് ബിജെപിയുടെ നീക്കം. മുനമ്പം വഖഫ് ഭൂമി പ്രശ്നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്ന് ബി.ജെ.പി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 90 മാസം കഴിഞ്ഞാലും ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ഇന്നലെ മുനമ്പം സമരവേദിയിലെത്തിയ അദ്ദേഹം പറഞ്ഞു.ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചതുവഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീര്‍പ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണ്.

വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കും. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മുനമ്പം ഭൂമിപ്രശ്‌നം കൃത്യമായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്ന് ജെ.പി.സി അംഗവും സംസ്ഥാന സഹപ്രഭാരിയുമായ അപരാജിത സാരംഗി ഉറപ്പുനല്‍കി.