- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.എം.എ സലാമിനെ പൂട്ടിട്ട് നിയന്ത്രിക്കാൻ മുസ്ലിംലീഗ്; ഇനി സമസ്തക്കും നേതാക്കൾക്കുമെതിരെ പ്രസ്താവന ഇറക്കരുതെന്ന് കർശന നിർദ്ദേശം; സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്ക് തന്നെ എന്ന നിലപാടിൽ ലീഗ്
മലപ്പുറം: സമസ്തയുമായുള്ള തർക്കത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ അടക്കി നിർത്തി പ്രശ്നം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് തീരുമാനം. സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്കു തന്നെയാണെന്നും സമസ്തയോടു അനുനയത്തിൽ നേതാക്കൾ പെരുമാറണമെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കുള്ളത്. ഈ തീരുമാനം നടപ്പാക്കുന്ന രീതിയിലാണ് ഇന്നു ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവന ഇറക്കിയത്.
സമസ്തയുമായുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തിരുത്തുകയായിരുന്നു ഇന്ന് കുഞ്ഞാലിക്കുട്ടി. എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ പി എം എ സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്നായിരുന്നു വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിഷയത്തിൽ ഇനി പ്രസ്താവന നടത്തരുതെന്ന് പി എം എ സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ.
അതോടൊപ്പം പ്രശ്നം വഷളായതോടെ എസ് കെ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷൻ ഹമീദലി തങ്ങൾക്കെതിരായ പരാമർശത്തിൽ അനുനയത്തിന സലാമും ശ്രമം തുടങ്ങി. ഹമീദലി തങ്ങളെ സലാം ഫോണിൽ ബന്ധപ്പെട്ട പി എം എ സലാം, എസ് കെ എസ് എസ് എഫ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് തങ്ങളോട് വിശദീകരിച്ചു. വാർത്ത വളച്ചൊടിച്ചാണ് പ്രചരിക്കപ്പെട്ടതെന്നും സലാം തങ്ങളോട് പറഞ്ഞു.
എന്നാൽ സലാമിന്റെ വിശദീകരണത്തിൽ ഹമീദലി തങ്ങൾ തൃപ്തനല്ലെന്നാണ് സൂചന. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ എസ് കെ എസ് എസ് എഫിന്റെ ഇപ്പോഴത്തെ അധ്യക്ഷനെ ആർക്കെങ്കിലും അറിയുമോയെന്ന സലാമിന്റെ പരാമർശമാണ് വിവാദമായത്. പാണക്കാട് കുടുംബാംഗത്തിനെതിരെ നടത്തിയ പരാമർശം മുസ്ലിം ലീഗ് നേതാക്കളേയും ചൊടിപ്പിച്ചു. ഇതോടെയാണ് അനുനയ നീക്കവുമായി സലാം നേരിട്ടിറങ്ങിയത്.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ നിശിതമായി വിമർശിച്ച് സമസ്ത വിദ്യാർത്ഥി സംഘടന എസ്കെഎസ്എസ്എഫും രംഗത്തുവന്നിരുന്നു. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. ബന്ധപ്പെട്ടവർ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആദ്യം സലാം സമസ്ത അധ്യക്ഷനെ വാർത്താ സമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ എസ് കെ എസ്എ സ്എ ഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ