- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട്'; സ്വർണ്ണ കൊള്ളയിലെ പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടത്?; മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്താൽ സൃഷ്ടിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. സോണിയാ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കൃത്യമായ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അടൂർ പ്രകാശ് എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും, സംഭവങ്ങളിൽ ദുരൂഹത വർധിക്കുകയാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലെ പ്രതികളായ രണ്ടുപേർ എങ്ങനെയാണ് സോണിയാ ഗാന്ധിയെ കണ്ടതെന്നും, ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കണം. കൂടിക്കാഴ്ചയ്ക്ക് ആര് അപ്പോയിൻ്റ്മെൻ്റ് സംഘടിപ്പിച്ച് നൽകി എന്നതിനും യുഡിഎഫ് കൺവീനർക്ക് മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്ക് ഉണ്ടെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, സ്വർണ്ണകൊള്ള ആരോപണത്തിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം പി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കാണുന്നതിന് മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും, ശബരിമല ഏൽപ്പിച്ചെന്ന് മുഖ്യമന്ത്രി പോറ്റിയോട് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായും അടൂർ പ്രകാശ് വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല. കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല," അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സോണിയാ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും, ആരാണ് അതിനുള്ള അപ്പോയിന്റ്‌മെന്റ് എടുത്തു നൽകിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റിങ്ങൽ എം.പി. ആയിരിക്കെ സാമൂഹിക സേവന പരിപാടിയുടെ കാര്യത്തിനാണ് പോറ്റി തന്നെ വന്നു കണ്ടത്. അന്ന് സ്വർണക്കൊള്ളയെക്കുറിച്ചായിരുന്നില്ല സംസാരിച്ചത്. താൻ പങ്കെടുത്ത പരിപാടിയിൽ ആറ്റിങ്ങൽ എം.എൽ.എയും ഉണ്ടായിരുന്നു. അന്നദാന ഉദ്ഘാടനം നടത്താൻ പോറ്റിയെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രി പോറ്റിയോട് ശബരിമല ഏൽപ്പിച്ചെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കൊള്ളയെക്കുറിച്ചുള്ള നിർദേശങ്ങളാണെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.




