തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ എ എസ് കേഡര്‍ ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ പ്രവര്‍ത്തികളില്‍ മര്യാദയുടെ അഭാവമെന്ന് കുറ്റാരോപണ മെമോയില്‍. കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെ വിമര്‍ശിച്ചതും തെറ്റെന്ന് മെമ്മോയില്‍ പറയുന്നു. കൃഷിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എന്‍.പ്രശാന്ത് വകുപ്പിന്റെ ഒരു ഉല്‍പ്പന്നം ഫേസ്ബുക്കില്‍ പങ്കുവെച്ചതും കുറ്റമായിട്ടാണ് ചാര്‍ജ് മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

ഉദ്യോഗസ്ഥന്‍ അനുസരണക്കേട് കാട്ടുന്നുവെന്നും പ്രശാന്തിന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നും കുറ്റാരോപണ മെമ്മോ കുറ്റപ്പെടുത്തുന്നു. ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരെ പരസ്യവിമര്‍ശനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പ്രശാന്ത്, നടപടിക്ക് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി ചട്ട ലംഘനം തുടര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നല്‍കിയത്.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ പ്രശാന്ത് വിമര്‍ശിച്ചത് തെറ്റാണെന്ന് മെമ്മോയിലുണ്ട്. കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഈ നടപടി ഉണ്ടാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകനെ വിമര്‍ശിച്ചതും കുറ്റകരം. കൃഷിവകുപ്പിന്റെ ഉല്‍പ്പന്നം ഫേസ്ബുക്കില്‍ പങ്കുവെച്ചത് സദുദ്ദേശപരമല്ല. കള പറിക്കാന്‍ ഇറങ്ങിയതാണ് എന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ്.

ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ പെരുമാറ്റവും ഗുരുതരമായ അച്ചടക്കരാഹിത്യവും ഉണ്ടായി. ഉയര്‍ന്ന ധാര്‍മ്മിക മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്.

സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ കെ.ഗോപാലകൃഷ്ണനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ എന്‍.പ്രശാന്തിനെയും. ഇതില്‍ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി നേരത്തെ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞദിവസമാണ് എന്‍.പ്രശാന്തിന് കുറ്റാരോപണ മെമ്മോ നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നാണ് ചാര്‍ജ് മെമ്മോയില്‍ പറയുന്ന ഒരു കാര്യം. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ വ്യക്തിപരമായി വിമര്‍ശിച്ചതും ഗുരുതരമായ കുറ്റമായി മെമ്മോയില്‍ പറയുന്നുണ്ട്. കൃഷിവകുപ്പില്‍ ജോലി ചെയ്തിരുന്ന എന്‍.പ്രശാന്ത്, കാംകോ പവര്‍ വീഡര്‍ എന്ന ഉത്പന്നത്തിന്റെ പരസ്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാണ് എന്ന തലക്കെട്ടോടുകൂടിയാണ് ഫേസ്ബുക്കില്‍ പ്രശാന്ത് പോസ്റ്റിട്ടത്. ജയതിലകിനും ഗോപാലകൃഷ്ണനും എതിരായി ഇത് വ്യാഖ്യാനിക്കാം എന്ന കണ്ടെത്തലും കുറ്റാരോപണമെമ്മോയില്‍ ഉണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിലൂടെ ഭരണസംവിധാനത്തിന്റെ ഇമേജ് നഷ്ടപ്പെട്ടു എന്നാണ് മെമ്മോയില്‍ പറയുന്നത്. ഗോപാലകൃഷ്ണനെയും ജയതിലകിനേയും വിമര്‍ശിക്കുന്നതിലൂടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യം നഷ്ടപ്പെടാനും ചേരിതിരിവ് ഉണ്ടാക്കാനും സാധ്യതയുണ്ടാക്കിയെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നുണ്ട്.