നിലമ്പൂര്‍: വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും പാര്‍ലമെന്റ് മണ്ഡലത്തെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാല്‍ വയനാടിന് രണ്ട് എംപിമാര്‍ ഉണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തന്നെ മണ്ഡലത്തില്‍ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. എം.പി ആയി ഇരുന്ന 5 വര്‍ഷക്കാലം വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്നും നവ്യ ഹരിദാസ് കുറ്റപ്പെടുത്തി. അതേ സമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

വയനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എന്‍ ഡി എ നടത്തുന്നത്. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന എം.പിയെ ആണ് മണ്ഡലത്തിന് ആവശ്യം. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിത ബാധിതര്‍ക്ക് നല്‍കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. നിലമ്പൂരില്‍ ബിജെപി മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടന്ന യോഗം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെകട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബി.ജെ.പി. മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ ജനറല്‍ സെക്രട്ടറി ജി കാശിനാഥ്, ദേശീയ സമിതി അംഗം സി.വാസുദേവന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. നാരായണന്‍ മാസ്റ്റര്‍, കെ.രാമചന്ദ്രന്‍, ടി.പി.സുരേഷ്, മേഖലാ ജനറല്‍ സെക്രട്ടറി എം. പ്രേമന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍ രശ്മില്‍ നാഥ്, ബി.രതീഷ്, പ്രശാന്ത്, എന്നിവര്‍ സംസാരിച്ചു.

അതേ സമയം നവ്യ ഹരിദാസ് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമര്‍പ്പിക്കുക. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്‍, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വയനാട്ടിലെ വോട്ടര്‍മാര്‍ വീണ്ടും വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജയിച്ച പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാരെ വഞ്ചിച്ചു. അവര്‍ വീണ്ടും കബളിപ്പിക്കപ്പെടാന്‍ തയ്യാറാകില്ല. രാഹുല്‍ ഗാന്ധി അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞെന്നും എന്നാല്‍ ഇപ്രാവശ്യം അവര്‍ വഞ്ചിതരാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മത്സരമാണ് വയനാട്ടില്‍ സംഭവിക്കുക. അഞ്ച് വര്‍ഷമായി രാഹുല്‍ അവിടെ ഒന്നും ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധി വാദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങള്‍ തീര്‍ച്ചയായും പിന്തുണക്കുക തന്നെ ചെയ്യുമെന്നും കാരണം അവര്‍ കൂടുതല്‍ കഴിവുള്ള വ്യക്തിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുക തന്നെ ചെയ്യും. വയനാടിന്റെ പ്രശ്നങ്ങള്‍ എന്താണെന്ന് പ്രിയങ്കക്ക് അറിയില്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി വയനാടിന് വേണ്ടി ഒന്നും ചെയ്യാത്ത സ്വന്തം സഹോദരന്‍ കൂടിയായ എംപിയുടെ പിന്‍ഗാമിയാണവര്‍. രാഹുല്‍ ഗാന്ധിയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വോട്ട് ചോദിച്ചെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടുമെന്ന വിവരം അദ്ദേഹം മറച്ചുവച്ചു. വയനാട്ടില്‍ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഏറെയുള്ളതിനാല്‍ വയനാട് സുരക്ഷിത സീറ്റാണെന്നാണ് പ്രിയങ്ക കരുതുന്നതെന്നും പകരം വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങള്‍ അവസരം നല്‍കുന്നതാണ് ഉചിതമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.