തിരുവനന്തപുരം: എന്‍സിപിയിലെ പിസി ചാക്കോയുടെ രാജിക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും അന്ത്യസാശനമെന്ന് സൂചന. മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കാന്‍ അറിയാമെന്ന് വീമ്പു പറഞ്ഞ നേതാവുമായി സഹകരിക്കില്ലെന്നും ചാക്കോ സ്ഥാനത്ത് തുടര്‍ന്നാല്‍ എന്‍സിപിയെ ഇടതു മുന്നണിയില്‍ നിന്നും പുറത്താക്കുമെന്നും സിപിഎം നിലപാട് എടുത്തുവെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ചാക്കോ രാജിവച്ചത്. ചാക്കോ അധ്യക്ഷനായി തുടര്‍ന്നിരുന്നുവെങ്കില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പാര്‍ട്ടി വിടുമായിരുന്നു. തോമസ് കെ തോമസിനും ഇടതുപക്ഷത്ത് നില്‍ക്കാനാണ് താല്‍പ്പര്യം. ഇത് മനസ്സിലാക്കിയാണ് എന്‍സിപിയിലെ പിളര്‍പ്പൊഴിവാക്കാന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇടപെട്ടത്. പവാറിന്റെ അനുമതിയോടെയാണ് ചാക്കോയുടെ രാജി. പുതിയ അധ്യക്ഷനെ പവാര്‍ ഉടന്‍ പ്രഖ്യാപിക്കും.

പി.സി. ചാക്കോ രാജി വച്ച ഒഴിവില്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ നിര്‍ദ്ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ രഗംത്തു വന്നു. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന് ഈ നിര്‍ദ്ദേശം അറിയിച്ച് ഇമെയില്‍ സന്ദേശവുമയച്ചു. നേതൃത്വം ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കുമെന്ന നിലപാടിലാണ് തോമസ് കെ.തോമസും. ഇതോടെ എന്‍.സി.പി കേരള ഘടകത്തില്‍ ചാക്കോയുടെ നില ദുര്‍ബ്ബലമായി. തോമസ് കെ. തോമസിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനമാവും അംഗീകരിക്കുക എന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം തോമസിനെയും ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ രമ്യമായി പരിഹരിച്ച് പോവുക എന്നതാണ് എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. സിപിഎമ്മും ഇതാണ് ആഗ്രഹിക്കുന്നത്. ചാക്കോയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷത്ത് സ്ഥാനമുണ്ടാകില്ലെന്നാണ് സിപിഎം നിലപാട്.

എകെ ശശീന്ദ്രന്‍ ഇനി നിയമസഭയിലേക്ക് മത്സരിക്കില്ല. അങ്ങനെ എലത്തൂര്‍ സീറ്റ് ഒഴിവു വന്നാലും പിസി ചാക്കോയെ അവിടെ സിപിഎം മത്സരിപ്പിക്കില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ട് കൂടിയാണ് ചാക്കോ രാജിവയ്ക്കുന്നത്. ഇപ്പോള്‍ നടക്കുന്നതെല്ലാം യുക്തിപരമായ തീരുമാനമെന്ന് തോമസ് കെ.തോമസ് പക്ഷവും കരുതുന്നു. എന്നാല്‍ മന്ത്രിമാറ്റമെന്ന ആവശ്യവുമായി തനിക്കൊപ്പം നിന്നിട്ട് അവസാന നിമിഷത്തില്‍ മറുകണ്ടം ചാടിയ തോമസ് സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തുന്നതിന് തടയിടാന്‍ ചാക്കോയും ശ്രമിക്കുന്നതായാണ് അറിയുന്നത്. മറ്റു ചില നേതാക്കളുടെ പേര് ഈ സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവരാം. പവാറിലുള്ള ചാക്കോയുടെ സ്വാധീനമനുസരിച്ചാവും തീരുമാനം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബുവിനെ അധ്യക്ഷനാക്കാനാണ് നീക്കം. എന്നാല്‍ ശശീന്ദ്രനെ അവഗണിക്കാന്‍ ശരത് പവാറിന് കഴിയാത്ത സാഹചര്യമുമുണ്ട്. എല്‍.ഡി.എഫില്‍ ശശീന്ദ്രനുള്ള സ്വീകാര്യതയും മുഖ്യമന്ത്രിക്ക് അദ്ദേഹത്തോടുള്ള അനുഭാവവും കണ്ടില്ലെന്ന് നടിക്കാനാവില്ല. താമസിയാതെ തന്നെ പുതിയ അധ്യക്ഷനെ നിശ്ചയിക്കും.

അധ്യക്ഷനാകാനുള്ള മത്സരത്തില്‍ മുന്നില്‍ തോമസ് കെ.തോമസ് എംഎല്‍എയാണ്. രാജി സംബന്ധിച്ച് രണ്ടാം ദിവസവും പ്രതികരണത്തിന് ചാക്കോ തയാറായില്ല. രാജി സമ്മര്‍ദതന്ത്രമാണോ എന്ന സംശയമാണ് ചിലര്‍ പങ്കുവയ്ക്കുന്നത്. ചാക്കോയുടെ വിശ്വസ്തനായ സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്‍.രാജന്‍ രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പവാറിന് കത്തയച്ചു. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചാക്കോയെ വിട്ട് എ.കെ.ശശീന്ദ്രനൊപ്പം ചേര്‍ന്ന തോമസ് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. പവാറിനെ നേരിട്ടുകണ്ട് അവകാശവാദം ഉന്നയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്തു വന്ന സാഹചര്യം പാര്‍ട്ടിയിലെ വിഭാഗിയതയ്ക്ക് തെളിവാണ്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ചാക്കോയുടെ വിമര്‍ശനം. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ തനിക്കറിയാമെന്ന് പി.സി ചാക്കോ എന്‍സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കുറേ നാളായി വലിയ തോതില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാറ്റത്തിന് തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്കു കൊള്ളുന്ന വിധം തനിക്ക് സംസാരിക്കാന്‍ അറിയാമെന്നാണ് പി.സി. ചാക്കോ പറഞ്ഞത്.

ജനുവരി 27ന് തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പി.സി. ചാക്കോ പരസ്യമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയില്‍ പി.സി. ചാക്കോ പറയുന്നത്. നിങ്ങള്‍ അതില്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം ആണെന്ന് താന്‍ മറുപടി നല്‍കി. പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താന്‍ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയില്‍ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പി.സി. ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താല്‍ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കില്‍ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയില്‍ പി.സി. ചാക്കോ പറയുന്നുണ്ട്. എല്‍.ഡി.എഫ് വിടുമെന്ന സൂചനയും ചാക്കോ യോഗത്തില്‍ നല്‍കിയെന്നും എതിര്‍ ചേരിയിലുള്ളവര്‍ പറയുന്നുണ്ട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.