ന്യൂഡല്‍ഹി: മന്ത്രി മാറ്റത്തിനായി എന്‍സിപി നിലപാട് കടുപ്പിച്ച പശ്ചാത്തലത്തില്‍, സിപിഎം ദേശീയ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി. തന്റെ ആവശ്യങ്ങള്‍ കത്ത് വഴി നേതൃത്വത്തെ അറിയിച്ചു. നാളെ പവാറുമായി നേതൃത്വം ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ല. എ കെ ശശീന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. മന്ത്രിസ്ഥാനം കിട്ടാന്‍ നോക്കി നടക്കുന്നയാളല്ല താനെന്നും തോമസ് കെ തോമസ് പറഞ്ഞു.

ശരദ് പവാറിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിയെ മാറ്റാനാണ് പരിശ്രമം. മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് പറഞ്ഞാണ് എന്‍സിപി സംസ്ഥാന നേതൃത്വം തോമസ് കെ തോമസിന് വേണ്ടി നിലയുറപ്പിച്ചത്. മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോ നാളെ ശരത് പവാറുമായി ചര്‍ച്ച നടത്തും. ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനാണ് നീക്കം. അതേസമയം മുഖ്യമന്ത്രി അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുമോ എന്നാണ് അറിയേണ്ടത്.

അതേസമയം, മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിയുടെ മന്ത്രിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയെ ചിലത് ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താന്‍ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ഇതുകൂടി കേന്ദ്രം പരിഗണിക്കും എന്നാണ് കരുതുന്നതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അതിനിടെ എ കെ ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കുമെന്നും താന്‍ മന്ത്രിയാകുമെന്നും ആവര്‍ത്തിച്ച് തോമസ് കെ തോമസ് എംഎല്‍എയും രംഗത്തുവന്നിരുന്നു. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമേ ഉണ്ടാകൂ എന്നും തോമസ് കെ തോമസ് പറഞ്ഞു. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ആ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നത്. രണ്ടര വര്‍ഷം ശശീന്ദ്രനും രണ്ടരവര്‍ഷം എനിക്കും എന്നതായിരുന്നു പവാര്‍ജിയുടെ തീരുമാനമെന്നും ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ശരദ് പവാര്‍ ഈ തീരുമാനം അംഗീകരിച്ചെന്ന് പറഞ്ഞും എ കെ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി തോമസ് കെ തോമസ് രംഗത്തുവരുന്നത്. പവാര്‍ വഴങ്ങിയത് പി സി ചാക്കോയുടെ സമ്മര്‍ദ്ദത്തിലാണ്. നേരത്തെ കോഴ ആരോപണത്തില്‍ തോമസ് കെ തോമസിന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. ഈ ആരോപണം ഉള്ളതിനാലായിരുന്നു തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേയ്ക്ക് മുഖ്യമന്ത്രി പരിഗണിക്കാതിരുന്നത്.

ചാക്കോയ്ക്ക് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍വേണ്ടിയാണ് എന്‍സിപിയില്‍ മന്ത്രിതര്‍ക്കം പുകയുന്നതെന്ന സൂചനകളുണ്ട്. കേന്ദ്ര നേതൃത്വവും പിസി ചാക്കോ - തോമസ് കെ തോമസ് സഖ്യത്തിനോട് ചായ്വ് പ്രഖ്യാപിച്ചാല്‍ നഷ്ടം നിലവിലെ മന്ത്രി എ കെ ശശീന്ദ്രന് മാത്രമായിരിക്കും. 2006 മുതല്‍ നാല് നിയമസഭകളില്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്‍. 1980, 1982 വര്‍ഷങ്ങളിലെ ജയം കൂടി കണക്കിലെടുത്താല്‍ ആറ് തവണ നിയമസഭാംഗമായിട്ടുണ്ട് അദ്ദേഹം. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ തന്നെയാണ് പി സി ചാക്കോയും കണ്ണുവയ്ക്കുന്നത്. എന്നാല്‍, സിപിഎമ്മിന് എലത്തൂര്‍ മണ്ഡലം ഏറ്റെടുക്കാനാണ് താല്‍പ്പര്യം.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസുമായി വച്ചുമാറണമെന്ന തീരുമാനം അന്നുണ്ടായത്. ദേശീയ നേതാവായിരുന്ന പ്രഫൂല്‍ പട്ടേല്‍, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു ഈ ധാരണ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പൊട്ടിത്തെറികളുടെ ഫലമായി എന്‍സിപി ദേശീയ നേതൃത്വം പിളരുകയും പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനോട് വിടപറയുകയും ചെയ്തു.

അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ടി പി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനൊപ്പമായതിനാല്‍ ധാരണയെക്കുറിച്ച് പറയാന്‍ തയ്യാറല്ല. ഈ പ്രതിസന്ധി പിസി ചാക്കോ വഴി തോമസ് കെ തോമസ് ശരദ് പവാറിനെ ബോധിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിലേക്ക് എത്തിനില്‍ക്കുന്ന നിലയുണ്ടായത്.