- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല
തിരുവനന്തപുരം: എന്‍സിപി പ്രതിനിധിയായ എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോക്ക് ഇല്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി പറഞ്ഞു. എന്‍സിപി സ്ഥാനാര്‍ത്ഥികളായി ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരാണ് എകെ ശശീന്ദ്രനും തോമസ് കെ തോമസും. പിസി ചാക്കോ എന്‍സിപി (എസ്പി ) എന്ന പാര്‍ട്ടിയുടെ നേതാവ് മാത്രമാണ്. ഈ സാഹചര്യത്തി്ല്‍ എങ്ങനെയാണ് എന്‍സിപി മന്ത്രിമാരുടെ കാര്യത്തില്‍ പിസി ചാക്കോക്ക് തീരുമാനമെടുക്കാനാവുക.
എന്‍സിപി ദേശീയ തലത്തില്‍ പിളര്‍പ്പുണ്ടായപ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും കൊടിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച് നല്‍കിയത് അജിത് പവാര്‍ വിഭാഗത്തിനാണ്. ശരദ് പവാര്‍ വിഭാഗത്തിന് കിട്ടിയതാകട്ടെ കാഹളമൂതുന്ന മനുഷ്യന്‍ എന്ന ചിഹ്നമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമതീരുമാനം എടുക്കുകയും അതനുസരിച്ച് അജിത് പവാര്‍ വിഭാഗം ഔദ്യോഗിക എന്‍സിപി ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ശരദ് പവാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയെങ്കിലും മറ്റൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
യഥാര്‍ത്ഥ എന്‍സിപി യുടെ ദേശീയ പ്രസിഡന്റായ അജിത് പവാര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചിട്ടുള്ളത് എന്‍എ മുഹമ്മദ് കുട്ടിയെന്ന തന്നെയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എകെ ശശീന്ദ്രന്റെ കാര്യത്തിലും തോമസ് കെ തോമസിന്റെ കാര്യത്തിലും തീരുമാനം എടുക്കാന്‍ അധികാരമുള്ളത് ഔദ്യോഗിക എന്‍സിപി ദേശീയ പ്രസിഡന്റ് ആയ അജിത് പവാറിനും സംസ്ഥാന പ്രസിഡന്റായ തനിക്കുമാണ്.
ഈ സാഹചര്യത്തില്‍ എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പിസി ചാക്കോ നല്‍കുന്ന കത്ത് നിയമപരമായി നിലനില്‍ക്കില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മന്ത്രിമാരെ മാറ്റണമെന്ന് ആവശ്യമെന്ന് തോന്നുന്ന പക്ഷം എന്‍സിപി യുടെ ഔദ്യോഗിക കത്ത് താന്‍ തന്നെ നല്‍കിക്കൊള്ളാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
എന്‍സിപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എകെ ശശീന്ദ്രനും തോമസ് കെ തോമസിനും എന്‍സിപി (എസ്പി) നേതാവ് മാത്രമായി പിസി ചാക്കോയുടെ കീഴില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ ഇരുവരുടെയും സ്ഥാനമാനങ്ങള്‍ നിയമപരമായി നഷ്ടപ്പെടാനും കാരണമാകും. ഈ സാഹചര്യത്തില്‍ മന്ത്രിമാറ്റം സംബന്ധിച്ച് പിസി ചാക്കോ നല്‍കുന്ന കത്ത് സ്വീകരിക്കരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.