തൃശൂര്‍: കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താല്‍ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തെ 13 ജില്ലകളുമായി താരതമ്യം ചെയ്താല്‍ ആലപ്പുഴക്ക് എയിംസിന് യോഗ്യതയുണ്ട്. ഇടുക്കി ആയിരിക്കും ഒരുപക്ഷേ പിന്നെ, പിന്നാക്കം നില്‍ക്കുന്നത്. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാല്‍, ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയില്‍ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താന്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രം പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

''രാഷ്ട്രീയ ഉദ്ദേശ്യത്തോടെ അത് ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ പിന്നെ എനിക്ക് എന്റെ പ്രധാനമന്ത്രിയുടെ അടുത്തും ആരോഗ്യ മന്ത്രിയുടെ അടുത്തും പിന്നെ എനിക്ക് അധികാരമുണ്ട്, അവകാശമുണ്ട്. കേരളത്തില്‍നിന്നുള്ള ബിജെപിയുടെ ആദ്യ എംപി എന്ന നിലയില്‍ തൃശൂരിന് പിന്നെ അത് നിര്‍ബന്ധം''സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. എന്നാല്‍, തിരുവനന്തപുരത്ത് സ്ഥലം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ എയിംസ് വരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണെന്നും സുരേഷ് ഗോപി ആരോപിച്ചു. 'ഒരു ആവശ്യം എതിര്‍ക്കപ്പെട്ടാല്‍ അതിനുള്ള പ്രതിവിധി താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പലതവണ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നു. 2014ല്‍ അരുണ്‍ ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്.

വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകള്‍ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചിട്ടില്ല. കിനാലൂരില്‍ 200 ഏക്കര്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) 150 ഏക്കര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറി. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനം സജ്ജമാക്കുന്നത്.