തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയല്‍ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവനിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ചില ആവശ്യങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഭീതി ഒഴിവാക്കാന്‍ ആണ് പുതിയ കാര്‍ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌ഐആറിലെ ആശങ്ക പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതം എസ്‌ഐആറില്‍ ജനങ്ങളെ സഹായിക്കും. വോളന്റിയര്‍മാരെയും ഉപയോഗിക്കും. എസ്‌ഐആര്‍ ജനാധിപത്യത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് ഈ നേറ്റിവിറ്റി കാര്‍ഡ്?

നിലവില്‍ ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളില്‍ കയറിയിറങ്ങി വാങ്ങുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമായാണ് ഈ സ്ഥിരം കാര്‍ഡ് വരുന്നത്. സാധാരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പലപ്പോഴും നിയമപരമായ ആധികാരികത കുറവാണ്. എന്നാല്‍ പുതിയ കാര്‍ഡിനായി പ്രത്യേക നിയമനിര്‍മ്മാണം തന്നെ സര്‍ക്കാര്‍ നടത്തും. ആധാര്‍ കാര്‍ഡ് പോലെ ഫോട്ടോ പതിപ്പിച്ച ഒന്നായതുകൊണ്ട് ഇത് തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കും ഗുണഭോക്തൃ രേഖയായി ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡ് നല്‍കാനുള്ള ചുമതല.

ഭീതി വേണ്ട, വില്ലേജ് ഓഫീസുകളില്‍ സഹായമെത്തും

എസ്‌ഐആര്‍ (SIR) നടപടിക്രമങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍ ഒഴിവാക്കപ്പെടുകയും പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളം ഈ നീക്കം നടത്തുന്നത്. ഓരോ വില്ലേജ് ഓഫീസിലും ജനങ്ങളെ സഹായിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ വീതം നിയമിക്കും. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറക്കും. തീരദേശ മേഖലകളിലും ഉന്നതി പോലുള്ള പിന്നാക്ക മേഖലകളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സഹായം നല്‍കും. ഇതിനായി അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.

കേന്ദ്രത്തിന് കൊട്ട്, ജനങ്ങള്‍ക്ക് സുരക്ഷ!

'താന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണെന്ന് ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ ഒരാള്‍ക്ക് കഴിയണം, ഒരാളും പുറന്തള്ളപ്പെടരുത്,' എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകാന്‍ ഈ കാര്‍ഡിന് കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. റവന്യൂ വകുപ്പിനോട് ഇതിന്റെ കരട് നിയമം തയ്യാറാക്കാന്‍ മന്ത്രിസഭ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. വൈകാതെ തന്നെ കേരളത്തിലെ ഓരോ വീട്ടിലും ഈ 'മലയാളി തിരിച്ചറിയല്‍ രേഖ' എത്തും.